ചെന്നൈ: ചെന്നൈയിൽ വീശിയടിച്ച മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച പെൺകുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാൻ 2500 രൂപ കൈക്കൂലി ആവശ്യപ്പെട്ട് (കെഎംസി) മോർച്ചറി ജീവനക്കാരൻ.
ആരോപണത്തിൽ ചെന്നൈ കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ (കെഎംസി) മോർച്ചറി ജീവനക്കാരനെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സമിതിയും രൂപീകരിച്ചിട്ടുണ്ടെന്ന് കെഎംസി അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
പനീർശെൽവം എന്ന ജീവനക്കാരൻ മോർച്ചറി നടപടികൾ ശരിയായ രീതിയിൽ ചെയ്തില്ലെന്നും കൈക്കൂലി നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് കുട്ടിയുടെ പിതാവ് മസൂദിനെ മൃതദേഹം കാർഡ്ബോർഡ് കാർട്ടണിൽ എടുക്കാൻ നിർബന്ധിച്ചുവെന്നുമാണ് ആരോപണം.
ഒടുവിൽ, കെഎംസി ജീവനക്കാർ കാർഡ്ബോർഡ് പെട്ടിയിൽ കുഞ്ഞിന്റെ മൃതദേഹം കൈമാറി, പിന്നീട് സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.
കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതാണ് കുഞ്ഞിനെ നഷ്ടമായതെന്ന് പിതാവ് മസൂദ് ആരോപിച്ചിരുന്നു.
പ്രസവവേദന വന്നപ്പ്പോൾ ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ലഭ്യമായില്ലെന്ന് പുളിയന്തോപ്പ് സ്വദേശി മസൂദ് ആരോപിച്ചു.
ഡിസംബർ അഞ്ചിന് വടക്കൻ ചെന്നൈയുടെ പുളിയൻതോപ്പ്, കാണിക്കപുരം എന്നിവ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കത്താൽ ചുറ്റപ്പെട്ടു.
പുളിയന്തോപ്പ് ഭാഗത്ത് വെള്ളപ്പൊക്കത്തിൽ സൗമിയ എന്ന ഗർഭിണിയും ഭർത്താവ് മസൂദും കുടുങ്ങി.
അതിനിടയിലാണ് സൗമ്യക്ക് അപ്രതീക്ഷിതമായി പ്രസവ വേദന ഉണ്ടാകുന്നത്.
പരിഭ്രാന്തനായ ഭർത്താവ് മസൂദ് അയൽവാസികളെ സഹായത്തിനായി വിളിച്ചു.
സമീപത്തുണ്ടായിരുന്നവർ ഉടൻ 108 ആംബുലൻസിൽ വിവരമറിയിച്ചു.
എന്നാൽ മണിക്കൂറുകളോളം ആംബുലൻസ് ലഭിക്കാത്തതിനാലും വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ വരാൻ സാധ്യതയില്ലാത്തതിനാലും നാട്ടുകാർ സാധാരണ മീൻ കയറ്റുമതി ചെയ്യുന്ന റിക്ഷ ഏർപ്പാടാക്കി.
തുടർന് സമീപത്തെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് കുഞ്ഞ് ജനിച്ചത്.
നവജാതശിശു കരയാത്തതിനാൽ കുട്ടി മരിച്ചേക്കുമെന്ന് ഭയന്ന് അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാൽ, പൊക്കിൾക്കൊടി മുറിക്കാത്തതിനാൽ ചികിത്സ നൽകാൻ മെഡിക്കൽ മാനേജ്മെന്റ് മടിച്ചുവെന്നും ആരോപണമുണ്ട്.
അപ്പോഴാണ് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് സഹായവുമായി എത്തിയത്.
യുവതിയുടെ ഇടപെടലിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പരിശോധിച്ച് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു.
ആദ്യഘട്ട ചികിത്സയിലൂടെയാണ് അമ്മ സൗമ്യയെ രക്ഷിച്ചു.
പണമില്ലാത്ത പാവപ്പെട്ട നിർമാണത്തൊഴിലാളിയായ മസൂദിനോട് അമ്മയെയും മരിച്ച കുട്ടിയെയും കിൽപ്പോക്ക് സർക്കാർ ആശുപത്രിയിൽ എത്തിക്കാൻ സ്വകാര്യ ആശുപത്രി ഉപദേശിച്ചു.
തുടർന്ന് മരിച്ച കുട്ടിയെ കിൽപ്പോക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മസൂദ് തന്റെ കുഞ്ഞിനെ സംസ്കരിക്കാൻ മോർച്ചറി ജീവനക്കാരെ സമീപിച്ചപ്പോൾ, “2500 രൂപ നൽകൂ, അല്ലെങ്കിൽ കുട്ടിയുടെ മൃതദേഹം നിങ്ങൾ തന്നെ കൊണ്ടുപോകൂ” എന്ന് പറഞ്ഞ് കെഎംസി ജീവനക്കാർ കൈക്കൂലി ചോദിച്ചു.
അഞ്ച് ദിവസത്തോളം കുടുംബം അനുഭവിച്ച ദുഷ്കരമായ സാഹചര്യത്തിൽ, വെള്ള തുണി പോലും ഇടാതെ അഞ്ച് ദിവസത്തിന് ശേഷം കാർഡ്ബോർഡ് പെട്ടിയിലാക്കി ഇന്നലെ (ഡിസംബർ 10) കുട്ടിയുടെ മൃതദേഹം പിതാവിന് സംസ്കരിക്കാൻ വിട്ടുകൊടുത്തതാണ് ജനരോഷത്തിന് കാരണമായത്.