ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് ചെന്നൈയിൽ താമസിക്കുന്ന എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 6,000 രൂപ ധനസഹായം ലഭിക്കും. അതേസമയം ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ ദുരിതബാധിത താലൂക്കുകളിൽ താമസിക്കുന്നവർക്ക് മാത്രമേ തുക ലഭിക്കൂവെന്നുംതമിഴ്നാട് സർക്കാർ അറിയിച്ചു.
ദുരിതാശ്വാസ തുക അതത് റേഷൻ കടകളിൽ പണമായി വിതരണം ചെയ്യുന്നതിനുള്ള ടോക്കണുകൾ ഡിസംബർ 16 മുതൽ ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ധനമന്ത്രി തങ്കം തെന്നരസു പറഞ്ഞു. ഏകദേശം പത്ത് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ . അതിനുശേഷം തുക അവർക്ക് വിതരണം ചെയ്യാൻ തുടങ്ങും
മഴക്കെടുതിയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉപജീവനമാർഗം തകർന്ന കുടുംബങ്ങൾക്ക് ഒറ്റത്തവണ സഹായമായി 6000 രൂപ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഗുണഭോക്താക്കളെക്കുറിച്ചും അവരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നതിനെക്കുറിച്ചും ഊഹാപോഹങ്ങൾ ഉയർന്നതോടെ, ചെന്നൈയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ദുരിതാശ്വാസ തുക ലഭിക്കുമെന്ന് ധനമന്ത്രി തെന്നരസു അറിയിച്ചു.