ലക്നൗ: ഉത്തര്‍പ്രദേശില്‍ കല്യാണത്തിന് തൊട്ടുമുന്‍പ് വരന് പോലീസ് കസ്റ്റഡിയില്‍.
തന്നെ കല്യാണം കഴിച്ച ശേഷം വഞ്ചിച്ചതായി കാണിച്ച് കാമുകി നല്കിയ പരാതിയിലാണ് നടപടി.
തുടര്‍ന്ന് കുടുംബങ്ങള്‍ തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് വരന്റെ സഹോദരന് വധുവിനെ കല്യാണം കഴിച്ചു.
കാന്‍പൂര്‍ കന്ഹ ഖേദ ഗ്രാമത്തിലാണ് വേറിട്ട സംഭവം ഉണ്ടായത്. 25കാരനായ സുരേന്ദ്രയുടെ വിവാഹമാണ് നിശ്ചയിച്ചിരുന്നത്.
നേവാദ ഗ്രാമത്തില്‍ നിന്നുള്ള യുവതിയുമായുള്ള വിവാഹമാണ് തീരുമാനിച്ചിരുന്നത്.
വിവാഹത്തിനായി കുടുംബത്തോടൊപ്പം സുരേന്ദ്ര വധുവിന്റെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഡിജെ ഡാന്‍സും മറ്റുമായി ഘോഷയാത്രയായി പോകാന്‍ ഒരുങ്ങുമ്പോഴാണ് നിമിഷനേരം കൊണ്ട് സന്തോഷം സങ്കടത്തിലേക്ക് വഴിമാറിയത്.
തന്നെ രഹസ്യമായി വിവാഹം കഴിച്ച ശേഷം സുരേന്ദ്ര ചതിച്ചു എന്ന കാമുകിയുടെ പരാതിയിലാണ് നടപടി.
തുടര്‍ന്ന് സുരേന്ദ്രയെയും കാമുകിയെയും സ്റ്റേഷനിലെത്തിച്ചു. ഇരുവരുടെയും കുടുംബവും സ്റ്റേഷനില്‍ എത്തി.
തുടര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ കാമുകിയെ സുരേന്ദ്ര വിവാഹം കഴിക്കണമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.
പഞ്ചായത്തിലെ ചില മുതിര്‍ന്ന അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കല്യാണം മുടങ്ങിയ വധുവിനെ വരന്റെ സഹോദരന് കല്യാണം കഴിക്കണമെന്ന തീരുമാനവുമെടുത്തു.
തുടര്‍ന്ന് വധു വരന്റെ സഹോദരനെ വിവാഹം കഴിച്ചു. വൈകാതെ തന്നെ കാമുകിയെ വിവാഹം കഴിക്കാമെന്ന സുരേന്ദ്രയുടെ ഉറപ്പിന്മേലാണ് കുടുംബങ്ങള്‍ സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.