ചെന്നൈ: തമിഴ്നാട്ടിൽ പശുവിൻ പാലിന്റെ വാങ്ങൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു.
ഇതുമൂലം പശുവിൻ പാലിന്റെ വാങ്ങൽ വില ലിറ്ററിന് 35 രൂപയിൽ നിന്ന് 38 രൂപയായും എരുമപ്പാലിന്റെ വാങ്ങൽ വില 44 രൂപയിൽ നിന്ന് 47 രൂപയായും ഉയരും.
നാല് ലക്ഷത്തോളം പാൽ ഉത്പാദകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
3.87 ലക്ഷം പാൽ ഉത്പാദകരിലൂടെ ആവിൻ കമ്പനി ഈ സാമ്പത്തിക വർഷം പ്രതിദിനം ശരാശരി 32.98 ലക്ഷം ലിറ്റർ പാൽ സംഭരിക്കുകയും തമിഴ്നാട്ടിലെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഏകദേശം 30 ലക്ഷം ലിറ്റർ പാൽ വിൽക്കുകയും ചെയ്യുന്നുണ്ട്.
ആവിൻ കമ്പനി പാലുത്പാദകരുടെ കന്നുകാലികൾക്ക് സംയുക്ത കാലിത്തീറ്റയും വെറ്ററിനറി സൗകര്യവും ജില്ലാ മിൽക്ക് പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് യൂണിയനുകൾ വഴി നൽകുന്നുണ്ട്.
പാലിന്റെ വാങ്ങൽ വില കഴിഞ്ഞ വർഷം 05.11.2022 മുതൽ വർധിപ്പിച്ചിച്ചിരുന്നു. പശുവിൻ പാലിന്റെ വാങ്ങൽ വില ലിറ്ററിന് 35 രൂപയായും എരുമപ്പാൽ വാങ്ങുന്ന വില ലിറ്ററിന് 44 രൂപയായുമാണ് അന്ന് നിജപ്പെടുത്തിയത്.