കൊച്ചി: ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ച സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നാളെ മുതൽ ഓടിത്തുടങ്ങും. ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് ആണ് സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് പ്രഖ്യാപിച്ചത്.
എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽനിന്ന് കോട്ടയത്തേക്കാണ് വന്ദേ ഭാരത് ശബരി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈയ്ക്കും കോട്ടയത്തിനും പുറമെ, കഡ്പാടി, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിലാണ് സ്പെഷ്യൽ വന്ദേ ഭാരതിന് സ്റ്റോപ്പുകളുള്ളത്.
ടിക്കറ്റ് നിരക്ക് പരിശോധിക്കാം;
ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചെന്നൈയിൽ നിന്ന് കോട്ടയത്തേക്ക് ചെയർ കാറിന് (സിസി) 1640 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് (ഇസി) 3300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പാലക്കാട് നിന്ന് കോട്ടയത്തേക്ക് 840 (സിസി), 1695 (ഇസി) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇന്ന് രാവിലെ എട്ട് മണിക്കാണ് ബുക്കിങ് ആരംഭിച്ചത്.
ട്രെയിൻ സമയം
ചെന്നൈയിൽ നിന്ന് രാവിലെ 04:30ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 04:14നാണ് കോട്ടയത്ത് എത്തുക.
ഉച്ചയ്ക്ക് 12:05ന് പാലക്കാട്,
01:20 തൃശൂർ,
02:20 ആലുവ,
02:55 എറണാകുളം നോർത്ത് എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു സ്റ്റോപ്പുകളിൽ വന്ദേ ഭാരത് എത്തുന്ന സമയം.
ട്രെയിൻ സർവീസ് ഉള്ള ദിവസങ്ങൾ
നാല് സർവീസുകളാണ് നിലവിൽ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളി, ഞായർ (15, 17, 22, 24) ദിവസങ്ങളിലാണ് ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കുള്ള സർവീസ്.
തിരിച്ചു യാത്ര ശനി, തിങ്കൾ (16, 18, 23, 25) ദിവസങ്ങളിലും.