ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലകെയിൽ (ബിബിഎംപി) 15,285 നായ്ക്കളുടെ കടിയേറ്റ ആളുകൾ ചികിത്സതേടിയതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
ഈ കേസുകളിൽ ഭൂരിഭാഗവും നഗരത്തിന്റെ പ്രധാന പ്രദേശങ്ങളുടെ പകുതിയോളം വരുന്ന കിഴക്ക്, പടിഞ്ഞാറൻ മേഖലകളിലാണ് സംഭവിച്ചത്.
കഴിഞ്ഞ നാല് വർഷമായി ഈ സംഖ്യകളിൽ കാര്യമായ വർദ്ധനവോ കുറവോ ഉണ്ടായിട്ടില്ലെന്ന് ബിബിഎംപി റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും തെരുവ് നായ്ക്കൾക്ക് ചിട്ടയായ വാക്സിനേഷൻ നൽകേണ്ടതിന്റെ ആവശ്യകതയാണ് ഡാറ്റ അടിവരയിട്ട് സൂചിപ്പിയക്കുന്നത്.
ഈ വർഷം സെപ്റ്റംബർ വരെ, ഈസ്റ്റ് സോണിൽ 4,109 കേസുകളും വെസ്റ്റ് സോണിൽ ഏകദേശം 3,654 കേസുകളും റിപ്പോർട്ട് ചെയ്തു. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ദാസറഹള്ളിയിൽ ആയിരുന്നു. ഇവിടെ 659 കേസുകളും ആർആർ നഗറിൽ 871 കേസുകളും ആണ് റിപ്പോർട്ട് ചെയ്തത്.
ഈ നായ്ക്കളുടെ കടിയേറ്റ കേസുകൾ വിവിധ ആശുപത്രികൾ ബിബിഎംപിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇനിയും പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും അതിനാൽ യഥാർത്ഥ കേസുകളുടെ എണ്ണം വളരെ കൂടുതലായിരിക്കാം എന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷം, ബിബിഎംപിയിൽ മൊത്തം 19,770 നായ്ക്കളുടെ കടിയേറ്റ കേസുകളും 2021-22 ൽ 17,610 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്