ബെംഗളൂരു : കണ്ണൂർ മട്ടന്നൂര്‍ വനിതാ ഹോമില്‍ നിന്ന് കാണാതായ അഞ്ച് പെൺകുട്ടികളെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനിതാ ശിശുക്ഷേമ വകുപ്പിനുകീഴിലുള്ള വനിതാ ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായത്.
ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
സ്ഥാപന അധികൃതർ ചൊവ്വാഴ്ച രാവിലെ മട്ടന്നൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തിങ്കള്‍ രാത്രി ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരള പോലീസ് കർണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വൈകിട്ടോടെ ഉഡുപ്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തിയത്.
മുംബൈയിലേക്ക് പോകാനാണ് ഇവർ പുറപ്പെട്ടതെന്ന് പോലീസ് പറയുന്നു.
മട്ടന്നൂരിൽ നിന്ന് ഓട്ടോറിക്ഷയിലാണ് ഇവർ രാത്രി കണ്ണൂരിലെത്തിയത്.
സ്ഥാപനത്തിൽ സെക്യൂരിറ്റി ചുമതല വഹിച്ചിരുന്ന പെൺകുട്ടിയും ഇവരോടൊപ്പമുണ്ടായിരുന്നു.
മട്ടന്നൂർ എസ്ഐ ഉൾപ്പെടെ ഉഡുപ്പിയിലെത്തി ഇവരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്.
ഇവർ രക്ഷപ്പെടാൻ ശ്രമിച്ച സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് അറിയിച്ചു.