ചെന്നൈ: 76-ാം വയസ്സിൽ ഡ്രൈവിങ് ടെസ്റ്റ് പാസായി ലൈസൻസും നേടി അർപ്പുതമ്മാൾ.
കുഞ്ഞിലേ സൈക്കിൾ ചവിട്ടിനടന്ന കാലംമുതൽ കാറോടിക്കുകയെന്നത് അർപ്പുതമ്മാളിന്റെ സ്വപ്നമായിരുന്നു.
ആ സ്വപ്നമാണ് അർപ്പുതമ്മാൾ സ്വന്തമാക്കിയിരിക്കുന്നത്.
രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷം ജയിലിൽക്കഴിഞ്ഞ മകൻ പേരറിവാളൻ മോചിതനായതോടെയാണ് അർപ്പുതമ്മാൾ നിത്യദുഃഖത്തിൽനിന്ന് കരകയറിയത്.
വിധിയോട് പടവെട്ടി വിജയിച്ച അർപ്പുതമ്മാളിന് ഡ്രൈവിങ് പഠിപ്പ് വെല്ലുവിളിയായിരുന്നില്ല.
ഓടിച്ചുതുടങ്ങാൻ പ്രയാസമുണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇതൊന്നും ഒരു ബുദ്ധിമുട്ടേയല്ലെന്നായിരുന്നു മറുപടി.
കഴിഞ്ഞവർഷം മേയിലാണ് സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് പേരറിവാളനെ മോചിപ്പിച്ചത്.
ഒരു ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട തിരുവണ്ണാമല ചെങ്കത്തിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്ന വെങ്കടേഷിനോടൊത്തുള്ള സംസാരത്തിനിടെയാണ് ഡ്രൈവിങ് പഠിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് അർപ്പുതമ്മാൾ പറഞ്ഞത്.
എങ്കിൽപ്പിന്നെ എല്ലാം താൻ റെഡിയാക്കാമെന്നായി വെങ്കിടേശ്. ഇതാണ് അർപ്പുതമ്മാളിന് ഡ്രൈവിങ് പഠനത്തിലേക്കുള്ള വഴി തുറന്നത്.
തിരുവണ്ണാമലയിലുള്ള അവരുടെ വീട്ടിൽപോയി താമസിച്ചു കൊണ്ടാണ് അർപ്പുതമ്മാൾ ഡ്രൈവിങ് പഠിപ്പിച്ചത്. വെങ്കിടേശും ഭാര്യ പാണ്ഡ്യയമ്മാളുമായിരുന്നു ഡ്രൈവിങ്ങിൽ അർപ്പുതമ്മാളിന്റെ ഗുരുക്കൾ.
പഠനം കഴിഞ്ഞ് ലൈസൻസുമായെങ്കിലും സ്വന്തമായി വാഹനമില്ലാത്തതിനാൽ ആത്മവിശ്വാസത്തോടെ പരിശീലനം നടത്താൻ സാധിച്ചില്ല. അതിനാൽ ഇടയ്ക്കിടെ തിരുവണ്ണാമലയിൽ വീണ്ടും ഡ്രൈവിങ് സ്കൂളിലെത്തി പരിശീലനം തുടരുകയാണ്.
അതേസമയം ‘‘കാറുവാങ്ങാൻ ഞാൻ മുതലാളിയൊന്നുമല്ല. അടിയന്തര സാഹചര്യമുണ്ടായാലും ആരെയെങ്കിലും പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നാലും ഡ്രൈവിങ് ഉപകാരമാകുമല്ലോ’’ -അർപ്പുതമ്മാൾ പറയുന്നു.