ബെംഗളൂരു: കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ യലുവഹള്ളി ഗ്രാമത്തിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചെന്നാരോപിച്ച് റസിഡൻഷ്യൽ സ്കൂളിലെ അഞ്ച് അധികാരികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
അഞ്ച് ഉദ്യോഗസ്ഥരിൽ മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ പ്രിൻസിപ്പലിനെയും ചിത്രകലാ അദ്ധ്യാപകനെയും പോലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ നടത്തുകയും ചെയ്തു.
സ്കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകന്റെയും സാന്നിധ്യത്തിൽ കുറച്ച് വിദ്യാർത്ഥികൾ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നത് വൈറലായ ഒരു വീഡിയോ വ്യക്തമാക്കി. 15 ദിവസം മുമ്പാണ് സംഭവം നടന്നതെന്നും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും സ്കൂളിലെ വിദ്യാർത്ഥികൾ പറയുന്നു.
വീഡിയോ പുറത്തുവന്നതോടെ വിദ്യാഭ്യാസ വകുപ്പും സാമൂഹ്യക്ഷേമ വകുപ്പും സ്കൂളിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി.
സ്കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹ്യക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടർ എം ശ്രീനിവാസൻ മാസ്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ പ്രിൻസിപ്പൽ, മൂന്ന് അധ്യാപകർ, ക്ലീനിംഗ് ജീവനക്കാർ എന്നിവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം കുട്ടികളുടെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തതിന് നാല് പേർക്കെതിരെ പോക്സോ പ്രകാരവും പോലീസ് കേസെടുത്തട്ടുണ്ട്.