ബെംഗളൂരു: കേരളത്തില്‍ കോവിഡിന്റെ പുതിയ വകഭേദം സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാസ്ക് ധരിക്കാന്‍ സർക്കാർ നിര്‍ദേശം.
മുതിര്‍ന്ന പൗരന്മാരും രോഗബാധിതരുമായ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നാണ് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിര്‍ദേശിച്ചത്.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു.
60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഹൃദയസംബന്ധമായ രോഗങ്ങളും മറ്റ് അസുഖങ്ങളുമുള്ളവര്‍ മാസ്ക് ധരിക്കണം.
ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
മംഗളൂരു, ചാംരാജ്നഗര്‍, കുടക് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് ലക്ഷണമുള്ളവര്‍ക്ക് പരിശോധന ഉറപ്പുവരുത്തണം.
ആശുപത്രികളില്‍ പരിശോധനയ്ക്കുവേണ്ട ആര്‍ടിപിസിആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉറപ്പുവരുത്താനും കര്‍ണാടക മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കോവിഡ് രോഗബാധ വര്‍ധിച്ചാല്‍ ചികിത്സ കാര്യക്ഷമമാക്കുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു.