ബെംഗളൂരു : മെട്രോ പർപ്പിൾ ലൈനിലെ ബൈയ്യപ്പനഹള്ളി- കെ.ആർ. പുരം, കെങ്കേരി- ചല്ലഘട്ട പാതകളിലെ സുരക്ഷാപരിശോധന സെപ്റ്റംബർ 15 ഓടെ പൂർത്തിയാക്കുമെന്ന് ബിഎംആർസി.
11, 12 തീയതികളിൽ മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണർ പരിശോധനയ്ക്കായി നഗരത്തിൽ എത്തും.
സിഗ്നൽ സംവിധാനങ്ങളുടെ കാര്യക്ഷമത, ട്രാക്കുകളുടെ ഗുണനിലവാരം, യാത്രക്കാർക്കുവേണ്ടി ഒരുക്കിയ എസ്കലേറ്ററുകൾ, ഡിജിറ്റൽ ബോർഡുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എന്നിവ സുരക്ഷാ കമ്മിഷണർ പരിശോധിക്കും.
പരിശോധന കഴിഞ്ഞ് അനുമതിലഭിച്ചയുടൻ രണ്ടുപാതകളിലൂടെയുമുള്ള സർവീസുകൾ തുടങ്ങാൻ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്.
സുരക്ഷാപരിശോധനയുടെ മുന്നോടിയായി പുതിയ പാതയുടേയും സ്റ്റേഷനുകളുടെയും അന്തിമഘട്ടപ്രവൃത്തികൾ പൂർത്തിയായിവരുകയാണെന്ന് മെട്രോയധികൃതർ അറിയിച്ചു.
കെ.ആർ. പുരത്തിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള ബെന്നിഗനഹള്ളിയിൽ ഓൾഡ് മദ്രാസ് റോഡിലേക്ക് നടപ്പാതനിർമിക്കുന്ന പ്രവൃത്തി ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.
ചല്ലഘട്ട സ്റ്റേഷനിൽ റാംപുകൾ നിർമിക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്.
ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള പർപ്പിൾ ലൈനിൽ പൂർണതോതിൽ സർവീസ് തുടങ്ങുന്നതോടെ മെട്രോയിലെ പ്രതിദിനയാത്രക്കാരുടെ എണ്ണം 7.5 ലക്ഷമാകുമെന്നാണ് കണക്ക്.
നിലവിൽ പ്രതിദിനയാത്രക്കാരുടെ എണ്ണം 6.15 ലക്ഷമാണ്. ബൈയ്യപ്പനഹള്ളിക്കും കെ.ആർ. പുരത്തിനും ഇടയിലുള്ള മെട്രോപാത പ്രവർത്തനം തുടങ്ങുന്നതോടെ ഐ.ടി. മേഖലയായ വൈറ്റ് ഫീൽഡിലേക്ക് കൂടുതൽ യാത്രക്കാരുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
നേരത്തേ പർപ്പിൾ ലൈനിലൂടെയുള്ള പൂർണ സർവീസ് ജൂണിൽ തുടങ്ങുമെന്നായിരുന്നു മെട്രോയധികൃതരുടെ പ്രഖ്യാപനം.