ചെന്നൈ : തമിഴ്നാട്ടിന്റെ തെക്കും വടക്കുമുള്ള ജില്ലകളിൽ ഈ മാസമുണ്ടായ പ്രളയങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് സ്ഥിരം ദുരിതാശ്വാസനിധിയായി 12,659 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട സ്റ്റാലിൻ, സംസ്ഥാനത്തിന് അടിയന്തരസഹായമായി 7033 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽനിന്ന് 2000 കോടി രൂപ അടിയന്തരമായി നൽകണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
ബുധനാഴ്ച ചെന്നൈയിൽ തിരിച്ചെത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ചീഫ് സെക്രട്ടറി ശിവദാസ് മീണ അദ്ദേഹത്തെ വിവരങ്ങൾ ധരിപ്പിച്ചു.
വ്യാഴാഴ്ച അദ്ദേഹം പ്രളയബാധിത പ്രദേശങ്ങളിലെത്തും. കേന്ദ്രസംഘവും സന്ദർശനം നടത്തും. അഞ്ച് തെക്കൻജില്ലകളിൽ പ്രളയത്തിൽ ഇതുവരെ 12 പേരാണ് മരിച്ചത്. 12,653 പേരെ 141 ദുരിതാശ്വാസക്യാമ്പുകളിലായി പാർപ്പിച്ചിരിക്കയാണ്.
റെയിൽപ്പാളം ഒലിച്ചുപോയതിനെത്തുടർന്ന് ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിപ്പോയ യാത്രക്കാരെ പ്രത്യേക തീവണ്ടിയിൽ ബുധനാഴ്ച ചെന്നൈയിലെത്തിച്ചു.
20 മന്ത്രിമാരും 50 ഐ.എ.എസ്., ഐ.പി.എസ്. ഓഫീസർമാരും 20,000 സർക്കാർ ജീവനക്കാരും ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നുണ്ട്.
പ്രളയബാധിത പ്രദേശത്തുള്ള മന്ത്രിമാരെയും കളക്ടർമാരുമാരെയും മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിച്ചു.
പ്രളയത്തിൽ തകർന്ന റോഡുകൾ ഏറക്കുറെ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. 95 ശതമാനം സ്ഥലത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെന്നാണ് അധികൃതർ പറയുന്നത്.