ബെംഗളൂരു നഗരം ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് സൗജന്യമായി പാഡുകൾ വിതരണം ചെയ്യുന്നതിനായി മജസ്റ്റിക്, എംജി റോഡ് മെട്രോ സ്റ്റേഷനുകളിൽ ‘സ്വസ്ത സ്ത്രീ’ എന്ന പേരിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചു. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ അവ അടച്ചുപൂട്ടി.
മജസ്റ്റിക്കിലെ സാനിറ്ററി വെൻഡിംഗ് മെഷീൻ അഴിച്ചുമാറ്റിയതായും എംജി റോഡിലുള്ളത് കവർ ചെയ്തതായും പ്രവർത്തിക്കാത്തതായും കണ്ടെത്തി.
എന്നാൽ യാത്രക്കാർ മെഷീനെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നതായി ഈ രണ്ട് സ്റ്റേഷനുകളിലെയും ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു.
ബൈയപ്പനഹള്ളിയിൽ, സാനിറ്ററി നാപ്കിനുകൾ ലഭിക്കാൻ ഏറ്റവും അടുത്തുള്ള സ്ഥലം സ്റ്റേഷനിൽ നിന്ന് 2.8 കിലോമീറ്റർ അകലെയാണ്.
മറ്റ് തിരക്കേറിയ സ്റ്റേഷനുകളായ കബ്ബൺ പാർക്ക്, സ്വാമി വിവേകാനന്ദ റോഡ്, അല്ലെങ്കിൽ കെആർ പുര പോലെയുള്ള താരതമ്യേന പുതിയ സ്റ്റേഷനുകൾ എന്നിവയ്ക്ക് ഡിസ്പെൻസിംഗ് അല്ലെങ്കിൽ ഡിസ്പോസൽ സൗകര്യങ്ങളൊന്നുമില്ല. ഇത് യാത്രക്കാരെ പുറത്തെ സ്റ്റോറുകളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുകയാണ്.
മെട്രോ സ്റ്റേഷനുകളിൽ ഇത്തരം മെഷീനുകൾ സ്ഥാപിക്കുന്നതിനുള്ള ഏജൻസികളിൽ നിന്നോ സ്പോൺസർമാരിൽ നിന്നോ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാണെന്നും എന്നാൽ നിലവിൽ സ്റ്റേഷനുകളിലൊന്നും പ്രവർത്തനക്ഷമമായ സാനിറ്ററി പാഡ് വിതരണ സൗകര്യങ്ങളില്ലെന്നും ബിഎംആർസിഎൽ അധികൃതർ പറഞ്ഞു.
തന്റെ വീക്ഷണം പങ്കുവെച്ചുകൊണ്ട്, സ്വസ്ഥ ടെക്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപക-സിഇഒ ഉദയകുമാർ മുത്തൂർ, തങ്ങളുടെ മെഷീൻ ഒരാഴ്ചത്തേക്ക് മാത്രം പ്രവർത്തിപ്പിക്കാൻ മെട്രോ അധികാരികൾ അനുവദിച്ചുള്ളുവെന്നും മാധ്യമങ്ങളോട് പറഞ്ഞു.
“ആ കാലയളവിൽ സ്റ്റാളിൽ ഒരു പ്രൊമോഷണൽ മെറ്റീരിയലും പ്രദർശിപ്പിക്കാൻ അനുവദിച്ചില്ലന്നും ഒരാഴ്ചയ്ക്ക് ശേഷം, ഒരു ചതുരശ്ര അടിക്ക് ഒരു നിശ്ചിത തുക നൽകാൻ അവർ ആവശ്യപ്പെട്ടുവെന്നും അത് വളരെ കൂടുതലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സ്റ്റേഷനുകളിലും സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യുന്നതിനുള്ള മെഷീനുകൾ സ്ഥാപിക്കാൻ സ്റ്റാർട്ടപ്പ് ബിഎംആർസിഎൽ അധികൃതരുമായി ചർച്ച നടത്തിവരികയാണ്.
രണ്ട് നാപ്കിനുകളുള്ള ഒരു പായ്ക്കിന് 10 രൂപ നിരക്കിലാണ് ഉൽപ്പന്നത്തിന് വില നിശ്ചയിക്കുന്നത്.