ബന്ധുക്കളുടെ പീഡനം സഹിക്കാൻ കഴിയാതെ വീടു വിട്ടിറങ്ങി നടി ബീന കുമ്പളങ്ങി.
പത്മരാജന്റെ കള്ളിച്ചെല്ലമ്മയിലൂടെ വെള്ളിത്തിരയിലെത്തി കല്യാണ രാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയ്ത താരമാണ് ബീന കുമ്പളങ്ങി.
മൂന്ന് സെന്റിൽ അമ്മ സംഘടന വെച്ച് നൽകിയ വീട് ബന്ധുവിന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് നടി ആരോപിച്ചു.
ഇപ്പോൾ അടൂർ മഹാത്മ ജനസേവ കേന്ദ്രം താരത്തെ ഏറ്റെടുത്തു.
സ്ഥലമുണ്ടെങ്കിൽ വീടു വെച്ചു തരുമെന്ന് അമ്മ സംഘടന അറിയിച്ചതോടെ ഇളയ സഹോദരൻ 2019ൽ തനിക്ക് മൂന്ന് സെന്റ് സ്ഥലം നൽകി.
അതിൽ സംഘടന വീടു വെച്ചു നൽകിയിരുന്നു. അനിയത്തിയും ഭർത്താവും വാടക വീട്ടിലായിരുന്നു ആ സമയം കഴിഞ്ഞിരുന്നത്.
തനിക്ക് ഒരു സഹായമാകുമെന്ന് കരുതിയാണ് തനിക്കൊപ്പം താമസിക്കാൻ അനുവദിച്ചത്.
എന്നാൽ വീട് അവരുടെ പേരിൽ എഴുതിവെക്കണമെന്ന ആവശ്യം നിരസിച്ചതോടെ മനസികമായി കടുത്ത പീഡനമാണ് നേരിട്ടതെന്നും ആത്മഹത്യയുടെ വക്കിലായിരുന്നു എന്നും താരം പറഞ്ഞു.
നടി സീമ ജി നായരെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. സീമ ഫോൺ എടുത്തില്ലായിരുന്നെങ്കിൽ കഴിഞ്ഞ ആഴ്ച താൻ ആത്മഹത്യ ചെയ്തു പോയേനെയെന്നും ബീന പറഞ്ഞു.
ബന്ധുവിന്റെ പക്കൽ നിന്നും വീടു തിരികെ കിട്ടാനുള്ള നടപടികൾ ആരംഭിച്ചതായും താരം പറഞ്ഞു.