ചെന്നൈ: ബുധനാഴ്ച പുലർച്ചെ കാഞ്ചീപുരത്ത് ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് പിടികൂടാൻ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെച്ചുകൊന്നു.
പ്രതികൾ പോലീസ് സംഘത്തെ ആക്രമിച്ചതോടെ സ്വയം പ്രതിരോധത്തിനായി രണ്ട് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾക്ക് നേരെ പോലീസ് വെടിവെക്കുകയായിരുന്നു.
കാഞ്ചീപുരം വിഒസി സ്ട്രീറ്റിലെ ഗുണ്ടയായിരുന്ന ശരവണൻ എന്ന പ്രഭാകറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന രവി, ഹസ്സൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച നടന്ന ശരവണന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും പിടികൂടാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയതായി കാഞ്ചീപുരം പോലീസ് സൂപ്രണ്ട് എം.സുധാകർ പറഞ്ഞു.
പ്രതികൾക്കായി തിരച്ചിൽ നടത്തിയ പ്രത്യേക സംഘം ഇന്ദിരാ നഗറിൽ രണ്ട് പ്രതികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് എത്തിയത്.
പുലർച്ചെ 5.30 ന് ഉദ്യോഗസ്ഥർ അവരെ വളഞ്ഞപ്പോൾ, അവരിൽ ഒരാൾ രണ്ട് ഉദ്യോഗസ്ഥരെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. ഇതോടെ സംഘത്തിലെ ഒരു സബ് ഇൻസ്പെക്ടർക്ക് സ്വയം പ്രതിരോധത്തിനായി വെടിയുതിർക്കേണ്ടിയതായി.
വെടിയേറ്റ ഇരുവരെയും പോലീസ് ഉടൻ കാഞ്ചീപുരം സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരെയും പരിശോധിച്ച ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു.
സംഭവശേഷം കാഞ്ചീപുരം പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ.പൊന്നി സ്ഥലത്തെത്തി പരിശോധന നടത്തി.