ബംഗളൂരു; നഗരത്തിലെ വൈദ്യുത തൂൺ തകർന്ന് യുവാവിന്റെ മേൽ വീണു. 23 കാരൻ ഇപ്പോൾ കോമയിലാണ്. ദേവരബിസനഹള്ളിയിലെ കരിയമ്മന അഗ്രഹാര മെയിൻ റോഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
ദേവരബിസനഹള്ളിയിലെ ഒരു മൾട്ടിനാഷണൽ ഫിനാൻസ് കമ്പനിയിലെ ജീവനക്കാരനായ കെവിൻ വർഗീസാണ് അപകടത്തിൽ പെട്ടത് എന്ന് എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് തിരിച്ചറിഞ്ഞു. മൂന്ന് സുഹൃത്തുക്കളോടൊപ്പം റോഡിലൂടെ നടന്നുപോകുമ്പോൾ കോൺക്രീറ്റ് വൈദ്യുതത്തൂൺ കെവിന്റെ മേൽ തകർന്ന് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വൈദ്യുത തൂണിൽ നിന്ന് നിരവധി നിയമവിരുദ്ധമായ രീതിയിൽ താഴ്ന്ന തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉണ്ടായിരുന്നുവെന്നും റോഡിലൂടെ പോവുകയായിരുന്ന ലോറിയിൽ അതിൽ നിന്നുമുള്ള ഒരു കേബിൽ കുരുങ്ങി വലിഞ്ഞതാണ് തൂൺ പൊട്ടി വീഴാൻ കാരണമായത് എന്നും പ്രദേശവാസികൾ പറയുന്നു. ലോറി ഡ്രൈവർ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
അപകടത്തിൽ കെവിന് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ സാക്ര വേൾഡ് ഹോസ്പിറ്റലിൽ എത്തിച്ചു, അവിടെ അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ കോമയിൽ തുടരുകയാണ് . സംഭവത്തിനിടെ കെവിന്റെ ഒരു സുഹൃത്തിന് കൈക്ക് പൊട്ടലും ഉണ്ടായിട്ടുണ്ട്