ചെന്നൈ: നടി നയൻതാര സിനിമയിൽ 20 വർഷം പൂർത്തിയാക്കി. മനസിനഗരെ എന്ന മലയാള ചിത്രത്തിലൂടെയാണ് നയൻതാര സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
സിനിമയിൽ 20 വർഷം പൂർത്തിയാക്കിയ വേളയിൽ ആരാധകരോട് നന്ദി പറഞ്ഞ് സൂപ്പർ താരം നയൻതാര രംഗത്ത്.
താൻ ഇന്ന് ഇവിടെ നിൽക്കാൻ കാരണം ആരാധകരാണെന്നും സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ തന്റെ യാത്ര അപൂർണ്ണമാകുമായിരുന്നെന്നും ആണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ശരത്കുമാർ നായകനായ അയ്യ ആയിരുന്നു നയൻതാരയുടെ ആദ്യ തമിഴ് ചിത്രം. ഇതിനെ തുടർന്ന് ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുകയും അവിടെ നിന്ന് മുൻനിര നടിയായി വെച്ചടി വെച്ചടി കയറുകയും ചെയ്തു.
വിജയ്, അജിത്, സൂര്യ തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച നയൻതാര സംവിധായകനായ വിഘ്നേഷ് ശിവനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ് സിനിമയിൽ നായികമാർക്ക് പ്രാധാന്യമുള്ള കഥകളിലാണ് നയൻതാര കൂടുതലായും അഭിനയിക്കുന്നത്.
കോലമാവ് കോകില, അറം, മായ തുടങ്ങിയ വിജയചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
‘അന്നപൂരണി’ ആണ് നയൻതാരയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.
ഷാറൂഖ് ഖാൻ നായകനായെത്തിയ ‘ജവാൻ’ ആയിരുന്നു ഈ വർഷം വാൻ വിജയം നേടിയ താരത്തിന്റെ മറ്റൊരു ചിത്രം.
നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഇത്
താൻ തിരഞ്ഞെടുക്കുന്ന ഓരോ സിനിമയിലും ഒരു കഥാപാത്രമായി മുഴുവൻ കഥയും കൊണ്ടുപോകുന്ന രീതി പ്രശംസനീയമാണ്.
പരാജയങ്ങളിൽ തളരാതെ പോരാട്ടം തുടരുകയും തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം നിലനിർത്തുകയും ചെയ്യുന്ന ഒരു നടികൂടിയാണ് നയൻതാര.