ചെന്നൈ: ക്യാപ്റ്റൻ വിജയകാന്തിന്റെ വിയോഗത്തിൽ തമിഴ്നാട് അനുശോചനം രേഖപ്പെടുത്തുമ്പോൾ, കേന്ദ്ര സർക്കാരിന് വേണ്ടി ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ചെന്നൈയിലെ ഐലൻഡ് ഗ്രൗണ്ടിൽ എത്തി ഡിഎംഡികെ സ്ഥാപക നേതാവിന് ആദരാഞ്ജലി അർപ്പിക്കും.
ജനപ്രിയ തമിഴ് നടൻ ദളപതി വിജയ് ‘ക്യാപ്റ്റൻ’ വിജയകാന്തിന് ഈറനണിഞ്ഞ കണ്ണുകളോടെ അന്ത്യോപചാരം അർപ്പിച്ചു.
അതുപോലെ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി, സംസ്ഥാന മന്ത്രി ഉദയനിധി സ്റ്റാലിൻ, തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ധാരാളം പൊതുജനങ്ങളും വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
ഡിഎംഡികെ അധ്യക്ഷനും നടനുമായ വിജയകാന്തിന്റെ മൃതദേഹം പൊതുദർശനത്തിനായി ഐലൻഡ് മൈതാനമായ അണ്ണാശാലയിൽ ഇന്ന് രാവിലെ എത്തിച്ചു.
രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെ ഇവിടെയാണ് ഭൗതികശരീരം സൂക്ഷിക്കുക. പിന്നീട്, അന്ത്യകർമങ്ങൾക്കായി കോയമ്പേടുള്ള ഡിഎംഡികെ പാർട്ടി ആസ്ഥാനത്തേക്ക് കൊണ്ടുപോകും.
ഇന്ന് രാവിലെ ആറിന് ഐലൻഡ് മൈതാനത്തേക്ക് മാറ്റിയ ഭൗതികശരീരം ഉച്ചയ്ക്ക് 1 മണി വരെ പൊതുദർശനത്തിന് വയ്ക്കുമെന്നും പിന്നീട് പാർട്ടി ആസ്ഥാനത്ത് തിരികെ കൊണ്ടുവന്ന് വൈകിട്ട് 4.45ന് സംസ്കരിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
‘ക്യാപ്റ്റൻ’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന രാഷ്ട്രീയക്കാരനും നടനുമായ വിജയകാന്ത് ദീർഘകാല രോഗത്തിനു ശേഷം 71-ാം വയസ്സിൽ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ചയാണ് അന്തരിച്ചു. മരണസമയം അദ്ദേഹം കോവിഡ് പോസറ്റീവ് ആയിരുന്നു.
നേരത്തെ വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിജയകാന്തിന്റെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.