ബെംഗളൂരു : ശിവമോഗയിൽ ദളിത് യുവതിയെ വിവാഹം കഴിച്ച യുവാവിന്റെ കുടുംബത്തിന് സ്വന്തം സമുദായത്തിലെ നേതാക്കൾ വിലക്കേർപ്പെടുത്തിയതായി പരാതി.
ഹൊരബൈലു ഗ്രാമത്തിലാണ് സംഭവം.
കുടുംബാംഗങ്ങളുമായി സംസാരിക്കരുതെന്ന് സമുദായാംഗങ്ങൾക്ക് നേതാക്കൾ നിർദേശം നൽകി.
ഹൊരബൈലു സ്വദേശി ദിനേശിന്റെ കുടുംബത്തിനാണ് വിലക്കേർപ്പെടുത്തിയത്.
ദളിത് വിഭാഗത്തിൽപെട്ട പ്രീതിയുമായി സെപ്റ്റംബർ 27-നായിരുന്നു ദിനേശിന്റെ വിവാഹം.
പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.
പക്ഷേ, പ്രകോപിതരായ നേതാക്കൾ സമുദായാംഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് കുടുംബത്തെ ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇത് ലംഘിക്കുന്നവർക്ക് ആയിരം രൂപ പിഴയും ഏർപ്പെടുത്തി.
നിർദേശം അംഗീകരിക്കാത്തവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 500 രൂപ പാരിതോഷികവും പ്രഖ്യാപിച്ചതായി കുടുംബം ശിവമോഗ കുംസി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.