ചെന്നൈ: നഗരത്തിൽ കുടിവെള്ള, മലിനജല പ്രശ്നങ്ങൾ രൂക്ഷമാണെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നിരവധി കൗൺസിലർമാർ പരാതിപ്പെട്ടു.
ഇന്നലെ റിപ്പൺ പാലസ് ഓഡിറ്റോറിയത്തിൽ മേയർ ആർ.പ്രിയ, ഡെപ്യൂട്ടി മേയർ എം.മഹേഷ് കുമാർ, കമ്മിഷണർ ജെ.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചെന്നൈ കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് പരാതിയുയാർന്നത്.
ഡിസംബർ ആദ്യവാരം പെയ്ത കനത്ത മഴയിൽ നിന്ന് നഗരത്തെ അതിവേഗം കരകയറ്റിയ നഗരസഭ ഭരണത്തിന് യോഗത്തിൽ സംസാരിച്ച എല്ലാ കൗൺസിലർമാരും നന്ദി രേഖപ്പെടുത്തി.
നഗരത്തിലാകെ കുടിവെള്ള പ്രശ്നവും മലിനജല പ്രശ്നവും രൂക്ഷമാണ്. ഇത് സംബന്ധിച്ച് പരാതി നൽകിയാൽ ചെന്നൈ കുടിവെള്ള ബോർഡ് അധികൃതർ നടപടിയെടുക്കുന്നില്ല. കൗൺസിലർമാരെയും ബഹുമാനിക്കുന്നില്ലന്നും തുടർന്നു സംസാരിച്ച കൗൺസിലർമാർ പറഞ്ഞു.
അതുപോലെ ഹൈവേ വകുപ്പും പൊതുമരാമത്ത് വകുപ്പ് അധികൃതരും നടപടിയെടുക്കുന്നില്ല. എല്ലാ സർവീസ് വകുപ്പ് ഉദ്യോഗസ്ഥരും ഏകോപന യോഗം വിളിച്ച് ഉചിതമായ നിർദേശങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ജനങ്ങളുടെ പരാതികൾ അടിയന്തരമായി പരിഹരിക്കണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് പ്രളയത്തിൽ തകർന്ന എല്ലാ റോഡുകളും ഉടൻ നന്നാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി ചെന്നൈ ജലബോർഡുമായി ബന്ധപ്പെട്ട് ഫോറത്തിൽ വന്ന പരാതികളിൽ കമ്മിഷണർ നടപടിയെടുക്കണമെന്നും ബോർഡ് മാനേജിങ് ഡയറക്ടർക്ക് അയച്ച് മറുപടി വാങ്ങി ബന്ധപ്പെട്ട കൗൺസിലർമാർക്കു നൽകണമെന്നും ചർച്ചയിൽ ഉത്തരവിട്ടു.