ബെംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തൊഴിൽരഹിതരായ യുവാക്കളെ ലക്ഷ്യമിട്ട് മെഗാ തൊഴിൽമേള നടത്താനൊരുങ്ങി സർക്കാർ.
ഇതിന്റെ നടത്തിപ്പിനായി എട്ട് മന്ത്രിമാരുടെ സംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ രൂപം നൽകി.
ഇവർ കമ്പനിയധികൃതരുമായി ചർച്ചനടത്തും. ജനുവരി അവസാനവാരമാണ് മേള നടത്താൻ ആലോചന.
തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പിന്തുണയുറപ്പിക്കാനുള്ള ശ്രമത്തിന്റെഭാഗമാണ് സർക്കാരിന്റെ നീക്കമെന്നാണ് വിലയിരുത്തൽ.
തൊഴിലില്ലായ്മയ്ക്ക് പരിഹാരംകാണാൻ തൊഴിൽമേള നടത്തുമെന്ന് നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിലെ അഞ്ച് ജനപ്രിയ വാഗ്ദാന പദ്ധതികളിലൊന്നായ യുവനിധി പദ്ധതിക്ക് കഴിഞ്ഞദിവസം തുടക്കംകുറിച്ചതിന് പിന്നാലെയാണ് തൊഴിൽമേളയുടെ നടത്തിപ്പിലേക്ക് സർക്കാർ മുന്നിട്ടിറങ്ങിയത്.
തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് മാസം 2000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും രണ്ടുവർഷത്തേക്ക് നൽകുന്ന പദ്ധതിയാണ് യുവനിധി.
വ്യവസായമന്ത്രി എം.ബി.പാട്ടീൽ, ഐ.ടി.-ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ, നൈപുണി വികസനമന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. എം.സി. സുധാകർ, യുവജനശാക്തീകരണമന്ത്രി ബി. നാഗേന്ദ്ര, തൊഴിൽമന്ത്രി സന്തോഷ് ലാഡ്, ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു എന്നിവരടങ്ങിയ സംഘത്തിനാണ് മെഗാ തൊഴിൽമേളയുടെ ചുമതല.