ചെന്നൈ : പുതുതായി ആരംഭിച്ച കിളാംമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന് ചെന്നൈയിലേക്ക് മെട്രോ തീവണ്ടി സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാരും സമീപവാസികളും ആവശ്യപ്പെട്ടു.
കിളാംമ്പാക്കത്ത് പുതിയസ്റ്റാൻഡ് ആരംഭിച്ചുവെങ്കിലും അവിടെ ഇറങ്ങുന്ന യാത്രക്കാർക്ക് നഗരത്തിലെത്താൻ കൂടുതൽ എം.ടി.സി. ബസുകൾ സർവീസ് നടത്തുന്നുണ്ട്. അതിനാൽ നഗരത്തിലെ ഗതാഗതതടസ്സം നീങ്ങുന്നില്ല.
ഇത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കിളാംമ്പാക്കം സ്റ്റാൻഡ് ആരംഭിച്ചത്. എന്നാൽ എം.ടി.സി. ബസുകൾ നിശ്ചിത ഇടവേളകളിൽ ഷട്ടിൽ സർവീസ് നടത്തുന്നതിനാൽ ലക്ഷ്യം നിറവേറിയില്ല.
ഇതിന് പരിഹാരം കിളാംമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന് നഗരത്തിലേക്ക് മെട്രോ തീവണ്ടി സർവീസ് മാത്രമാണെന്ന് യാത്രക്കാർ പറയുന്നു.
നിലവിൽ ചെന്നൈ വിമാനത്താവളത്തിൽനിന്ന് നഗരത്തിന്റെ രണ്ട് റൂട്ടുകളിൽ മെട്രോ തീവണ്ടി സർവീസ് നടത്തുന്നുണ്ട്.
കോയമ്പേട്, താംബരം ബസ് സ്റ്റാൻഡുകളിൽനിന്ന് തെക്കൻ ജില്ലകളിലേക്കുള്ള ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ജനുവരി ഒന്ന് മുതൽ കിളാംമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന് യാത്ര പുറപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
കന്യാകുമാരി, തിരുനെൽവേലി, വിരുദുനഗർ, തൂത്തുക്കുടി, രാമനാഥപുരം, മധുര, ദിണ്ടിഗൽ, പുതുക്കോട്ട എന്നീ തെക്കൻ ജില്ലകളിലേക്കുള്ളവരാണ് കിളാംമ്പാക്കത്ത്നിന്ന് യാത്ര ചെയ്യേണ്ടത്.