ചെന്നൈ: താംബരത്തെ സെലൈയൂരിലെ ഒരു സ്വകാര്യ റസ്റ്റോറന്റിൽ നിന്നും വാങ്ങിയ ഫ്ലേവേർഡ് മിൽക്ക് ടെട്രാ പായ്ക്ക് പാനീയത്തിൽ ചത്ത പാറ്റയെ കണ്ടെത്തി.
സംഭവം പരാതിയായതോടെ റസ്റ്റോറന്റ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന നിരീക്ഷണത്തിന് കീഴിലായി.
സ്വകാര്യ റസ്റ്റോറന്റിൽ നിന്നും പെൺകുട്ടി ഒരു ഫ്ലേവേർഡ് പാൽ വാങ്ങിയിരുന്നു. ഇതോടെയാണ് ഈ പാനിയത്തിൽ നിന്നും പാറ്റയെ കണ്ടെത്തിയത് തുടർന്ന് സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ഓൺലൈനിൽ പരാതി നൽകിയിരുന്നു.
പാലിൽ പാറ്റയെ കണ്ടെത്തിയ പശ്ചാത്തലത്തിൽ റസ്റ്റോറന്റിലെ ഭക്ഷണത്തിൽ മായം ഉണ്ടോയെന്ന് വിലയിരുത്തുന്നതിനും പരിശോധനയ്ക്കുമായി സാമ്പിളുകൾ ശേഖരിക്കുന്നതിന് ഒരു സംഘം ഇന്ന് ഭക്ഷണശാല പരിശോധിക്കുമെന്ന് താംബരത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ സെന്തിൽ അറുമുഖഖം പറഞ്ഞു.
കഴിഞ്ഞ ഡിസംബർ മാസത്തിൽ മാത്രം താംബരത്തും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള ഭക്ഷണശാലകളിൽ 12 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തിയതായാണ് റിപ്പോർട്ട്.
ഇവിടുത്തെ ഭക്ഷണശാലകളിൽ വിളമ്പുന്ന നിലവാരമില്ലാത്ത ഭക്ഷണത്തെക്കുറിച്ചുള്ള താംബരം നിവാസികളുടെ ആശങ്കകൾ പരിഹരിക്കേണ്ടതിന്റെ അടിയന്തര നടപടി മാത്രമാണ് ഈ സംഭവം അടിവരയിടുന്നത് എന്നും ഓഫീസർ വ്യക്തമാക്കി.
താമസക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിൽ നിയമലംഘനങ്ങൾ വിലയിരുത്താൻ വരും ആഴ്ചകളിൽ തുടർച്ചയായി പരിശോധനകൾ നടത്തുമെന്ന് അറുമുഖം പ്രതികരിച്ചു.
ലൈസൻസുകൾ ഹാജരാക്കാനും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാനും ഉടമകൾക്ക് നിർദേശം നൽകും. പതിവ് പരിശോധനകളിലൂടെ, ഭക്ഷ്യ സുരക്ഷയ്ക്ക് മുൻഗണന നൽകാനും സ്ഥാപിത മാനദണ്ഡങ്ങൾ പാലിക്കാനും ഭക്ഷണശാലകളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.