ചെന്നൈ: എല്ലാ ഫാമിലി കാർഡ് ഉടമകൾക്കും ഉപാധികളില്ലാതെ 3000 രൂപ ഉൾപ്പെടെയുള്ള പൊങ്കൽ പാക്കേജ് സർക്കാർ നൽകണമെന്ന് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം.
അടുത്തിടെയുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലെ ജനങ്ങൾ ദുരിതത്തിലായതിനാൽ പൊങ്കൽ ഉത്സവം ശരിയായി ആഘോഷിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ഈ വർഷത്തെ പൊങ്കൽ ഉത്സവത്തിന് ഓരോ കുടുംബത്തിനും ഒരു കിലോ അരിയും ഒരു കിലോ പഞ്ചസാരയും മുഴുവൻ കരിമ്പും നൽകുമെന്ന് ഡിഎംകെ സർക്കാർ പ്രഖ്യാപിച്ചതായി പത്രങ്ങളിൽ വാർത്ത വന്നത് . അതേ സമയം പണം സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ല.
കഴിഞ്ഞ വർഷം പൊങ്കൽ പാക്കേജായി 1000 രൂപ ക്യാഷ് നൽകിയെങ്കിലും ഇതുവരെ അടുത്തെങ്ങും ഉണ്ടാകാത്ത വിധം ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകാത്തത് ജനങ്ങളിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
നിലവിൽ എല്ലാ ഫാമിലി കാർഡ് ഉടമകൾക്കും ഉപാധികളില്ലാതെ 3000 രൂപ പണമായി പൊങ്കൽ പാക്കേജ് നൽകണമെന്നാണ് പൊതുജനങ്ങളുടെ പ്രതീക്ഷയെന്നും പൊതുജനങ്ങളുടെ ന്യായമായ ആവശ്യം പരിഗണിച്ച് എല്ലാ ഫാമിലി കാർഡ് ഉടമകൾക്കും യാതൊരു നിബന്ധനകളുമില്ലാതെ പൊങ്കൽ പാക്കേജ് 3,000 രൂപ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നുവെന്നും ഒ.പനീർസെൽവം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.