അഹ്മദാബാദ്: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യസ്ഥാനത്തെത്താൻ ഇനി മണിക്കൂറുകൾ മാത്രം.
വൈകുന്നേരം നാല് മണിക്കും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിക്കുക.
ബെംഗളുരൂവിലെ ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്വര്ക്കില് നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിര്‍ദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്.
ദൗത്യം വിജയിച്ചാല്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റില്‍ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ.
സൂര്യന്റെ കൊറോണയെക്കുറിച്ചും, കൊറോണൽ മാസ് ഇജക്ഷൻ എന്ന് വിളിക്കുന്ന സൗര സ്ഫോടനങ്ങളെക്കുറിച്ചും പുത്തൻ വിവരങ്ങളാണ് ആദിത്യയിലൂടെ ലക്ഷ്യമിടുന്നത്.
സൂര്യനിൽ നിന്ന് വരുന്ന പല തരംഗങ്ങളെയും ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും തടഞ്ഞുനിർത്തുന്നത് കൊണ്ടാണ് നമ്മുടെ ഗ്രഹത്തിൽ ജീവൻ ഇപ്പോഴത്തെ രീതിയിൽ നിലനിൽക്കുന്നത്.
ആ തരംഗങ്ങളെയും കാന്തിക പ്രഭാവങ്ങളെയും പഠിക്കണമെങ്കിൽ ഭൂമിയുടെ സംരക്ഷണത്തിന് പുറത്ത് പോയാലേ സാധിക്കൂ.
സൗരയൂധത്തെക്കുറിച്ചും സൂര്യനെക്കുറിച്ചും പുത്തൻ അറിവുകൾ ആദിത്യ സമ്മാനിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.