കൊച്ചി: കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിനായി ഡിസംബറിനകം 17 ബോട്ടുകൾ കൈമാറുമെന്നായിരുന്നു കൊച്ചി കപ്പൽശാല വാഗ്ദാനം ചെയ്തത്.
അയോധ്യയിലും വാരാണസിയിലും സർവീസ് നടത്തുന്നതിനായാണ് കൊച്ചി കപ്പൽശാലയിൽനിന്ന് ഉത്തർപ്രദേശ് ഗവൺമെന്റ് ബോട്ടുകൾ വാങ്ങിയിരിക്കുന്നത്.
എന്നാൽ വാഗ്ദാനം പാലിക്കാതെ കപ്പൽശാലയിൽനിന്ന് ബോട്ടുകൾ അയോധ്യയിലേക്ക് നൽകിയത് വിവാദത്തിന് വഴിവെച്ചിരിക്കുകയാണ് ഇപ്പോൾ.
എന്നാൽ വാട്ടർമെട്രോയ്ക്കായി നിർമിച്ച ബോട്ടുകളല്ല ഉത്തർപ്രദേശിലേക്ക് നൽകിയിരിക്കുന്നതെന്നാണ് കപ്പൽശാലയുമായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്.
50 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടുകളാണ് ഉത്തർപ്രദേശിനായി നൽകിയിരിക്കുന്നത്. എട്ടു ബോട്ടുകൾക്കാണ് ഇവർ കപ്പൽശാലയ്ക്ക് കരാർ നൽകിയത്.
ഇതിൽ രണ്ട് ബോട്ടുകളാണ് കൈമാറിയത്. ശേഷിക്കുന്ന ബോട്ടുകൾ കൊൽക്കത്തയിൽ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.
വാട്ടർ മെട്രോയുടെ ബോട്ടുകളുമായി സാമ്യമുണ്ട് ഈ ബോട്ടുകൾക്ക്. രണ്ടുബോട്ടുകൾ കൊച്ചിയിൽ നിർമിച്ചശേഷം ഒരുമാസം മുൻപ് ഉത്തർപ്രദേശിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നിലവിൽ 12 ബോട്ടുകളാണ് കൊച്ചി കപ്പൽശാല കൈമാറിയിട്ടുള്ളത്.
വാഗ്ദാനം ചെയ്തതിനനുസരിച്ച് ബോട്ടുകൾ ലഭിച്ചാലേ കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് തുടങ്ങാനാകൂയെന്ന് വാട്ടർ മെട്രോ ചീഫ് ജനറൽ മാനേജർ ഷാജി ജനാർദനൻ പറഞ്ഞു.