കൊച്ചി: പമ്പ – നിലയ്ക്കല്‍ പാതയില്‍ ശബരിമല തീര്‍ത്ഥാടകരെ കയറ്റാന്‍ തമിഴ്നാട് ആര്‍ടിസിക്കും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നിലവില്‍ പമ്പ – നിലയ്ക്കല്‍ പാതയില്‍ കെഎസ്ആര്‍ടിസിക്ക് മാത്രമാണ് ഭക്തരെ കയറ്റാന്‍ അനുവാദം. ഇതില്‍ ഇളവ് നല്‍കണമെന്നും തമിഴ്നാട് എക്സപ്രസ് ടാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും അനുമതി നല്‍കണമെന്നുമാണ് പൊതുതാല്പര്യ ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജിയെ എതിര്‍ത്ത് കെഎസ്ആര്‍ടിസി ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കും. തമിഴ്നാട് സ്വദേശി നല്കിയ ഹര്‍ജിയില്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും പമ്പ സ്റ്റേഷന് ഹൗസ് ഓഫീസറും ഇന്ന് മറുപടി നല്‍കിയേക്കും.
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, പമ്പ സ്റ്റേഷന് ഹൗസ് ഓഫീസര്‍ എന്നിവരെ ഡിവിഷന് ബെഞ്ച് സ്വമേധയാ ആണ് നേരത്തെ കക്ഷി ചേര്‍ത്തത്.
തിരക്കുള്ള ദിവസങ്ങളില്‍ പമ്പ – നിലയ്ക്കല്‍ പാതയില്‍ ആവശ്യത്തിന് ബസുകള്‍ ഇല്ലെന്ന പരാതി ഭക്തരില്‍ നിന്ന് നേരത്തെ ഉയര്‍ന്നിരുന്നു.
കൂടാതെ ശബരിമല സീസണില്‍ നിലയ്ക്കല്‍ സ്പെഷ്യല്‍ സര്‍വീസ് എന്ന പേരില്‍ തീര്‍ത്ഥാടകരില്‍ നിന്ന് അമിത യാത്രാനിരക്ക് ഈടാക്കുന്നതായും ആക്ഷേപമുണ്ട്.
നിലവില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്ആര്‍ടിസി ബസില്‍ വേണം പമ്പയിലേക്ക് പോകാന്‍.