ചെന്നൈ : കള്ളപ്പണക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ച തള്ളി.
ജാമ്യംതേടി അദ്ദേഹം മദ്രാസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നൽകിയ ഹർജികളും നിരസിക്കപ്പെടുകയായിരുന്നു.
തുടർച്ചയായി മൂന്നാംതവണയാണ് സെഷൻസ് കോടതി ബാലാജിക്ക് ജാമ്യം നിഷേധിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ കാണിച്ച് ബാലാജി നൽകിയ ജാമ്യാപേക്ഷകളാണ് നേരത്തേ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പൂർത്തിയാക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ തന്നെ കസ്റ്റഡിയിൽ വെക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സെന്തിൽ ബാലാജി പുതിയ ജാമ്യാപേക്ഷ നൽകിയത്.
എന്നാൽ, ഇതിനു മുമ്പ് ജാമ്യം നിഷേധിക്കുമ്പോഴുണ്ടായിരുന്ന സാഹചര്യത്തിൽനിന്നു മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഹർജി തള്ളി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. അല്ലി വ്യക്തമാക്കി.
ജൂൺ 13-ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബാലാജിയുടെ റിമാൻഡ് സെഷൻസ് കോടതി വ്യാഴാഴ്ച ജനുവരി 22 വരെ നീട്ടിയിരുന്നു.
തുടർച്ചയായി പതിനഞ്ചാം തവണയാണ് റിമാൻഡ് ദീർഘിപ്പിക്കുന്നത്. ജനുവരി 22-ന് അദ്ദേഹത്തിനുമേൽ കുറ്റം ചുമത്തും.
3,000 പേജുള്ള കുറ്റപത്രമാണ് ഓഗസ്റ്റിൽ ഇ.ഡി. കോടതിയിൽ സമർപ്പിച്ചത്. അന്ന് കുറ്റപത്രം വായിച്ചു കേൾക്കുന്നതിന് നേരിട്ട് കോടതിയിൽ ഹാജരാകാൻ ബാലാജിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
അണ്ണാ ഡി.എം.കെ സർക്കാറിൽ ഗതാഗത മന്ത്രിയായിരിക്കേ നിയമനത്തിന് കോഴ വാങ്ങിയെ കേസിന്റെ തുടർച്ചയായാണ് കള്ളപ്പണ ഇടപാടിന് ഇ.ഡി. കേസെടുത്തതും ബാലാജി അറസ്റ്റിലായതും.
അറസ്റ്റിനു പിന്നാലെ നെഞ്ചു വേദന അനുഭവപ്പെട്ട ബാലാജിയ്ക്ക് ജൂൺ 21-ന് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇതേ കേസിൽ പ്രതിയായ മന്ത്രി ബാലാജിയുടെ സഹോദരൻ അശോക് കുമാർ ഇപ്പോഴും ഒളിവിലാണ്.
അശോക് കുമാറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.