ചെന്നൈ : ആരോഗ്യസ്ഥിതി മോശമാണെന്ന അഭ്യൂഹങ്ങൾ തള്ളി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
ജനങ്ങളുടെ സന്തോഷമാണ് തന്റെ സന്തോഷമെന്നും അതിനുവേണ്ടി പരമാവധി പരിശ്രമിക്കുന്നുണ്ടെന്നും വെള്ളിയാഴ്ച ചെന്നൈയിൽ പ്രവാസി തമിഴ് സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഈമാസം ഒടുവിൽ വിദേശയാത്രയ്ക്കു പോകുന്ന സ്റ്റാലിൻ അതിനുമുമ്പ് മകൻ ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിപദം നൽകുമെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഉദയനിധിയാവും മന്ത്രിസഭയ്ക്ക് നേതൃത്വം നൽകുക. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ആരോഗ്യനില മോശമാണെന്ന റിപ്പോർട്ട് വന്നത്.
‘എനിക്ക് നല്ല സുഖമില്ലെന്നും വേണ്ടത്ര ഊർജസ്വലനല്ലെന്നുമാണ് അവർ പറയുന്നത്. ആ വാർത്ത കണ്ട് ഞാൻ ചിരിച്ചുപോയി. എനിക്ക് എന്താണ് കുഴപ്പം? എന്നെപ്പറ്റിയല്ല, ജനങ്ങളെപ്പറ്റിയാണ് എന്റെ ചിന്ത.
ജനങ്ങളുടെ സന്തോഷമാണ് എന്നെ ഊർജസ്വലനാക്കുന്നത്’ മാധ്യമവാർത്തയോട് പ്രതികരിച്ച് സ്റ്റാലിൻ പറഞ്ഞു.
വ്യവസായ നിക്ഷേപം ക്ഷണിക്കുന്നതിന് സ്പെയിൻ, യു.എ.ഇ, ജപ്പാൻ, യു.എസ്. എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് ഈമാസം 28-നാണ് സ്റ്റാലിൻ യാത്ര തിരിക്കുന്നത്.
അതിനുമുമ്പ് ജനുവരി 21-ന് ഡി.എം.കെ. യുവജന സമ്മേളനം സേലത്ത് നടക്കും. പാർട്ടിയിലെ തലമുറ മാറ്റത്തിനുള്ള ചുവടുവെപ്പ് സമ്മേളനത്തിലുണ്ടായേക്കും.