ബെംഗളൂരു : വ്യവസായിയെ തട്ടിക്കൊണ്ടുപോവുകയും ബന്ധുക്കളെ ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.
ഈ മാസം അഞ്ചിന് രാജാജിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
സച്ചിൻ, ഗൗരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്.
വ്യവസായിയായ ചേതൻ ഷായെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.
മകൾക്ക് സ്വകാര്യകോളേജിൽ സീറ്റ് ലഭിക്കുന്നതിനായി ശ്രമിച്ചുവരികയായിരുന്നു ചേതൻ ഷാ.
ഇതിനിടെ, കോളേജുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെട്ട സച്ചിനുമായി പരിചയത്തിലായി.
എന്നാൽ, സച്ചിന്റെ സഹായമില്ലാതെതന്നെ മകൾക്ക് കോളേജിൽ പ്രവേശം ലഭിച്ചു.
എങ്കിലും പണംവേണമെന്ന് സച്ചിൻ ആവശ്യപ്പെട്ടു.
സമ്മതിക്കാതെ വന്നപ്പോൾ സുഹൃത്തുക്കളുടെ സഹായത്തോടെ ചേതനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.
പ്രതികൾ വിട്ടയച്ചശേഷം ചേതൻ രാജാജിനഗർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികളിൽ നിന്ന് ഏഴു ലക്ഷം രൂപയും മൊബൈൽ ഫോണുകളും ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു.