ചെന്നൈ: വനംവകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടിയ പുലിയെ ഇന്ന് പുലർച്ചെ മംഗലപ്പട്ടിയിലെ നിബിഡ വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിട്ടു.
കോപ്പിചെട്ടിപ്പാളയം, കുത്തിയലത്തൂർ, കൊങ്കർപാളയം, ടി എൻ പാളയം വനത്തിനു കീഴിലുള്ള വനമേഖലയോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ വളർത്തുന്ന കന്നുകാലികളെ ഇടയ്ക്കിടെ വേട്ടയാടുന്ന പുലിയെയാണ് പിടികൂടി വനത്തിനുള്ളിൽ വനംവകുപ്പ് തുറന്ന് വിട്ടത്.
പുലിയുടെ ആക്രമണം രൂക്ഷമായതോടെ പ്രദേശത്തെ കർഷകർ ഇക്കാര്യം ടിഎൻ പാളയം വനംവകുപ്പിനെ അറിയിക്കുകയും നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് കന്നുകാലികളെ വേട്ടയാടിയതായി പറയപ്പെടുന്ന സ്ഥലങ്ങളിൽ ടിഎൻ പാളയം വനംവകുപ്പ് കാൽപ്പാടുകൾ നിരീക്ഷിക്കുകയും ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
അതിലൂടെയാണ് കന്നുകാലികളെ വേട്ടയാടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ദിവസങ്ങൾക്കുമുമ്പ് കൊങ്കർപാളയം വേലിക്കരാട് ഭാഗത്ത് കൂട് സ്ഥാപിച്ച് ഇവർ നിരീക്ഷണത്തിൽ ഏർപ്പെട്ടിരുന്നു.
ഇന്നലെ രാത്രി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുകയായിരുന്നു. കന്നുകാലികളെ വേട്ടയാടിയ പുലിയെ പിടികൂടിയ വാർത്ത കേട്ട ആശ്വാസത്തിലാണ് കൊങ്കർപാളയത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർ.
പിടികൂടിയ പുലിയെ ഇന്ന് പുലർച്ചെ മംഗലപ്പട്ടിയിലെ നിബിഡ വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിട്ടു.