ചെന്നൈ : പൊങ്കൽ അവധികഴിഞ്ഞ് വിവിധ ജില്ലകളിൽനിന്ന് ചെന്നൈയിലെത്താൻ ഇന്ന് 6000 പ്രത്യേക ബസ് സർവീസുകൾ നടത്തുമെന്ന് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
തിരുനെൽവേലി, തൂത്തുക്കുടി, നാഗർകോവിൽ, മധുര, തെങ്കാശി, വിരുദുനഗർ, കോവിൽപ്പെട്ടി, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, കുംഭകോണം, സേലം, ഹൊസൂർ, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽനിന്നാണ് ചെന്നൈയിലേക്ക് പ്രത്യേക ബസുകൾ സർവീസ് നടത്തുക.
പൊങ്കൽ ആഘോഷിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചെന്നൈയിൽനിന്ന് ഏഴ് ലക്ഷംപേർ യാത്ര ചെയ്തുവെന്നാണ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഏകദേശക്കണക്ക്.
പൊങ്കൽ ആഘോഷത്തിന് ബുധനാഴ്ചയോടെ സമാപനമായതിനാൽ വ്യാഴാഴ്ചമുതൽ വിവിധസ്ഥലങ്ങളിലേക്ക് പോയവർ നഗരത്തിലേക്ക് തിരിച്ചെത്തും.
ഞായറാഴ്ചവരെ ചെന്നൈയിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റില്ല.
യാത്രാത്തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ച വരെ ചെന്നൈയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 2000 വീതം പ്രത്യേക ബസുകൾ ഓടിക്കാൻ ട്രാൻസ്പോർട്ട് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.