അർജന്റീന അടുത്ത വർഷം കേരളത്തിൽ കളിക്കാനെത്തുമെന്ന് ഉറപ്പായി.
കേരള കായിക മന്ത്രി വി അബ്ദുറഹിമാനാണ് ഇപ്പോൾ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
മലയാളി ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.
അർജന്റീന ടീം കേരളത്തിൽ കളിക്കാനുള്ള താല്പര്യം ഇ മെയിൽ വഴി അറിയിച്ചതായി കഴിഞ്ഞയിടയ്ക്ക് അബ്ദുറഹിമാൻ തന്നെ വ്യക്തമാക്കിയിരുന്നു.
ഈ വർഷം ജൂണിൽ മത്സരം നടന്നേക്കുമെന്നായിരുന്നു അന്ന് പുറത്ത് വന്ന സൂചനകൾ. ഇപ്പോൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവെക്കുകയായിരുന്നു.
അർജന്റീന ദേശീയ ടീം 2024 ഒക്ടോബറിൽ കേരളത്തിലെത്തി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നാണ് അബ്ദുറഹിമാന്റെ പ്രഖ്യാപനം.
ഈ വർഷം ജൂണിൽ അർജന്റീന എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെന്നും എന്നാൽ മൺസൂൺ സീസണായതിനാൽ കേരളം പ്രയാസം അറിയിക്കുകയും തുടർന്ന് 2024 ഒക്ടോബറിൽ ഈ മത്സരങ്ങൾക്ക് അർജന്റീന സന്നദ്ധത അറിയിച്ചെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അബ്ദുറഹിമാൻ വ്യക്തമാക്കി.