ചെന്നൈ : അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങിനെ തമിഴ്നാട്ടിൽനിന്നുള്ള മണിനാദത്താൽ ഭക്തിസാന്ദ്രമാക്കും.
രാമേശ്വരം, നാമക്കൽ എന്നിവിടങ്ങളിൽനിന്നാണ് അയോധ്യയിലേക്ക് മണികളെത്തിച്ചത്.
ബെംഗളൂരുവിലെ ശ്രീരാമഭക്തനായ രാജേന്ദ്രപ്രസാദിന്റെ ആവശ്യപ്രകാരം നാമക്കലിൽ 48 എണ്ണം തയ്യാറാക്കി.
നാമക്കലിലെ ആണ്ടാൾ മോൾഡിങ് വർക്സിലെ രാജേന്ദ്രനാണ് ഇവ നിർമിച്ചത്.
അഞ്ചെണ്ണത്തിന് 120 കിലോവീതവും ആറെണ്ണത്തിന് 70 കിലോവീതവും ഒന്നിന് 25 കിലോയും ഉൾപ്പെടെ 48 എണ്ണത്തിന് 1200 കിലോ ഭാരംവരും.
നാമക്കലിലെ ഹനുമാൻ ക്ഷേത്രത്തിൽ പൂജിച്ചശേഷമാണ് അവ ബെംഗളൂരുവിലേക്ക് അയച്ചത്.
രാമേശ്വരത്ത് നിർമിച്ച ഭീമാകാരമായ മറ്റൊരു മണികൂടി അയോധ്യയിൽ സ്ഥാപിച്ചിട്ടുണ്ട്.
613 കിലോ ഭാരവും 4.1 അടി ഉയരവുമുള്ള ഇതിൽ ‘ജയ് ശ്രീറാം’ എന്ന് മുദ്രണംചെയ്തിട്ടുണ്ട്.
മണിമുഴങ്ങുമ്പോൾ ക്ഷേത്രനഗരിയുടെ പത്തുകിലോമീറ്റർ ചുറ്റളവിൽ പ്രതിധ്വനിക്കുമെന്നും ‘ഓംകാരനാദം’ മുഴങ്ങുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.
രാമേശ്വരത്തുനിന്നുള്ള രാമരഥയാത്രയിലൂടെയാണ് മണി അയോധ്യയിലെത്തിച്ചത്.