ചെന്നൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ രാമേശ്വരത്തുള്ള അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിലെത്തി ഭഗവാൻ ശിവന്റെ രൂപമായ രാമനാഥസ്വാമിയെ പ്രാർത്ഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ശ്രീരംഗത്തും രാമേശ്വരത്തും ധനുഷ്കോടിയിലും സുരക്ഷാസന്നാഹം ശക്തമാക്കിയിരുന്നു.
അയോധ്യയിലെ പ്രതിഷ്ഠാച്ചടങ്ങിനുമുമ്പ് പ്രധാനമന്ത്രി ഇന്ന് നടത്തുന്ന ക്ഷേത്രദർശനത്തെ ആത്മീയ യാത്രയെന്നാണ് ബി.ജെ.പി. നേതൃത്വം വിശേഷിപ്പിക്കുന്നത്.
രാമനാഥസ്വാമി ക്ഷേത്രത്തിന് എതിർവശത്തുള്ള സമുദ്രത്തിലെ ‘അഗ്നി തീർത്ഥ’ത്തിൽ പുണ്യസ്നാനം നടത്തിയ ശേഷം മോദി ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന 22 വിശുദ്ധ തീർത്ഥ കിണറുകളിൽ പുണ്യസ്നാനം നടത്തി.
ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷേത്ര ഭരണസമിതി താളമേളങ്ങളും മറ്റ് വാദ്യോപകരണങ്ങളുമായി പ്രത്യേക സ്വീകരണം നൽകി. ക്ഷേത്ര കല്യാണമണ്ഡപത്തിൽ നടന്ന രാമായണ കഥയിൽ പ്രധാനമന്ത്രി പങ്കെടുത്തു.
നേരത്തെ, ക്ഷേത്രത്തിലേക്ക് പോകുന്നതിന് മുമ്പ് രാമേശ്വരത്ത് റോഡ്ഷോ നടത്തിയ മോദിക്ക് ആളുകൾ ഉജ്ജ്വല സ്വീകരണം നൽകിയിരുന്നു.
പ്രധാനമന്ത്രി നാളെ ധനുഷ്കോടിക്കടുത്തുള്ള അഗ്നി തീർഥ ബീച്ചും അരിച്ചാൽ പോയിന്റ് കടലും സന്ദർശിക്കുന്നതിനാൽ ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, മറൈൻ പോലീസ് എന്നിവർ പാക് കടലിടുക്കിലും മന്നാർ ഉൾക്കടലിലും കർശന നിരീക്ഷണത്തിലാണ്.
വെള്ളിയാഴ്ച വൈകീട്ട് ചെന്നൈയിൽ ഖേലോ ഇന്ത്യ കായികോത്സവം ഉദ്ഘാടനംചെയ്ത പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ തിരുച്ചിറപ്പള്ളിയിൽ വിമാനമിറങ്ങി ശ്രീരംഗത്തെ രംഗനാഥസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നു.