ബെംഗളൂരു: വഴി മാറി ഓടിച്ച ഓട്ടോയിൽ നിന്ന് പുറത്തേക്കു ചാടിയ മലയാളി യുവതിക്ക് പരിക്കേറ്റു.
ഹോപ്ഫാം പ്രശാന്ത് ലേഔട്ടിലെ പിജിയിൽ താമസിക്കുന്ന റോഷ്നി ജോസഫിനെ (26) ആണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഐടിപിഎൽ റോഡിലെ പൈ ലേഔട്ടിലാണ് സംഭവം. വിജനപുരയിലെ ബൃന്ദാവൻ ലേഔട്ടിലേക്ക് പോകുന്നതിനായി സി ബി നാരായണപുരയിൽ നിന്നാണ് റോഷിനി ഓട്ടോ വിളിച്ചത്.
യാത്രയ്ക്കിടെ ഡ്രൈവർ വഴിമാറ്റിയതോടെ സംശയം തോന്നിയ റോഷ്നി ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയ്യാറാകാത്ത ഡ്രൈവർ ഓട്ടോയുടെ വേഗം കൂട്ടി.
ഇതോടെ റോഷ്നി ഓട്ടോയിൽ നിന്നു ചാടുകയായിരുന്നു. ഡ്രൈവർ വണ്ടി നിർത്താതെ കടന്നു കളഞ്ഞു.
തുടർന്ന് സഹോദരി എത്തിയാണ് റോഷ്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
30 വയസ്സ് പ്രായമുള്ള ഹിന്ദി സംസാരിക്കുന്നയാളായിരുന്നു ഡ്രൈവർ എന്നാണ് റോഷ്നി നൽകിയ മൊഴി.
എന്നാൽ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അന്വേഷണം തുടരുന്നതായും മഹാദേവപുര പൊലീസ് അറിയിച്ചു