ചെന്നൈ : മെട്രോ സ്റ്റേഷനുകളിൽ വാട്സ്ആപ്പ് വഴി ‘ക്യുആർ’ ടിക്കറ്റ് ലഭിക്കാൻ പുതിയ സൗകര്യം ഏർപ്പെടുത്തി.
മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ ഇലക്ട്രോണിക് ടിക്കറ്റുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി കൗണ്ടറുകളിൽ വാട്സ്ആപ്പ് വഴി ‘ക്യുആർ’ ടിക്കറ്റ് നേടാനുള്ള പുതിയ സൗകര്യം ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ അവതരിപ്പിച്ചു.
വാട്സാപ്പ് വഴി മെട്രോ തീവണ്ടികളുടെ ക്യു.ആർ. കോഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സംവിധാനം ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡി(സി.എം.ആർ.എൽ.)ന്റെ മാനേജിങ് ഡയറക്ടർ എം.എ. സിദ്ധിഖ് ആണ് ഉദ്ഘാടനം ചെയ്തത്.
ചെന്നൈയിലെ എല്ലാ മെട്രോ റെയിൽവേ സ്റ്റേഷനുകളിലും സംവിധാനം ലഭ്യമാണ്. വാട്സാപ്പ് വഴി ടിക്കറ്റുകൾ ലഭിക്കാൻ മെട്രോ സ്റ്റേഷനുകളിലെ കൗണ്ടറുകളെ സമീപിക്കാം.
പോകാനുള്ള മെട്രോ സ്റ്റേഷന്റെ പേരും ആവശ്യമുള്ള ടിക്കറ്റുകളുടെ എണ്ണവും ആദ്യം അറിയിക്കണം.
തുടർന്ന് ടിക്കറ്റ് കൗണ്ടറിൽ സ്ഥാപിച്ചിട്ടുള്ള കീപ്പാഡ് വഴി വാട്സാപ്പ് മൊബൈൽനമ്പർ ചേർക്കുക. ഉടനെ വാട്സാപ്പിലൂടെ ടിക്കറ്റിന്റെ ക്യു.ആർ. കോഡ് ലഭിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു.
വാട്സാപ്പ് വഴി ടിക്കറ്റ് എടുക്കുന്നതിന് മാർഗനിർദേശം നൽകാൻ കൗണ്ടറിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
പരീക്ഷണമെന്ന നിലയിൽ വിമാനത്താവളത്തിലെ മെട്രോ സ്റ്റേഷനിലും കോയമ്പേട് മെട്രോ സ്റ്റേഷനിലും കഴിഞ്ഞമാസം സംവിധാനം ഏർപ്പെടുത്തിയിരുന്നു.
യാത്രക്കാരിൽനിന്ന് സ്വീകാര്യത ലഭിച്ചതിനെത്തുടർന്നാണ് ബാക്കിയുള്ള 41 സ്റ്റേഷനിലേക്കും സംവിധാനം വ്യാപിപ്പിച്ചത്.