ലഖ്നൗ: വാരാണസിയിലെ ഗ്യാൻവാപി പള്ളി നിൽക്കുന്ന സ്ഥലത്ത് മുൻപ് ക്ഷേത്രമുണ്ടായിരുന്നുവെന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യുടെ കണ്ടെത്തലെന്നു റിപ്പോർട്ടുകൾ.
മസ്ജിദിനു മുൻപ് ഹിന്ദു ക്ഷേത്രമായാണ് കെട്ടിടം നിലനിന്നിരുന്നതെന്നു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഹിന്ദു സംഘടനകളുടെ അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയ്നാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.
സര്‍വേ റിപ്പോര്‍ട്ടിന്റെ കോപ്പി കൈവശം ലഭിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിഭാഷകന്.
ഗ്യാന്‍വാപിയില്‍ നിലനില്‍ക്കുന്ന മസ്ജിദിന്റെ തൂണുകളും മറ്റും സംബന്ധിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥര്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നു.
ക്ഷേത്രമുണ്ടായിരുന്നിടത്ത് മസ്ജിദ് പുനര്‍നിര്‍മാണം നടത്തുകയായിരുന്നെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്.
ക്ഷേത്രത്തിന്റെ തന്നെ തൂണുകളും മറ്റും ചെറിയ മാറ്റങ്ങള്‍ വരുത്തി മസ്ജിദിനുവേണ്ടി ഉപയോഗിക്കുകയായിരുന്നെന്നും സര്‍വേയില്‍ പറയുന്നുണ്ടെന്ന് അഭിഭാഷകന് അറിയിച്ചു.
തൂണുകളിലും മറ്റും ഹിന്ദു ക്ഷേത്രങ്ങളുടേതിന് സമാനമായ കൊത്തുപണികളുണ്ടായിരുന്നെന്നും അവ രൂപമാറ്റം വരുത്തിയ ശേഷം പള്ളി നിര്‍മാണത്തിനായി ഉപയോഗിക്കുകയായിരുന്നെന്നും സര്‍വേ പറയുന്നു.
മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മതില് മുന്‍പ് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ ഭാഗമാണെന്നും അഭിഭാഷകന് പറഞ്ഞു.
കൂടാതെ ഹിന്ദു ദേവതകളുടെ ശില്പങ്ങളും കൊത്തുപണികളുമുള്ള വസ്തുക്കള്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായും അഭിഭാഷകന് വാദമുന്നയിക്കുന്നു.