ഡൽഹി: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ ഡോക്ടറിൽനിന്ന് 20 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ ഉൾപ്പെട്ട ഇ.ഡി. ഉദ്യോഗസ്ഥൻ അങ്കിത് തിവാരിക്കെതിരായ അന്വേഷണനടപടികൾ താത്കാലികമായി തടഞ്ഞ സുപ്രീംകോടതി ഹർജിയിൽ തമിഴ്നാടിന് നോട്ടീസുമയച്ചു.
കേസ് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മാറ്റി. ശേഖരിച്ച തെളിവുകൾ കോടതിയിൽ ഹാജരാക്കാനും തമിഴ്നാടിന് നിർദേശം നൽകി.
ഉദ്യോഗസ്ഥനെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ, നീതിയുക്തമായ അന്വേഷണം വേണമെന്നും ഇ.ഡി.ക്കായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ അറിയിച്ചു.
കേസിന്റെ എഫ്.ഐ.ആർ. പങ്കുവെക്കുന്നില്ല. അന്വേഷണത്തിന്റെ മറവിൽ സംസ്ഥാന വിജിലൻസ് ഇ.ഡി. ഓഫീസ് റെയ്ഡ് ചെയ്ത് ബന്ധമില്ലാത്ത ഒട്ടേറെ ഫയലുകൾ പിടിച്ചെടുത്തു.
സംസ്ഥാന ഉദ്യോഗസ്ഥർ, മന്ത്രിമാർ തുടങ്ങിയവർ ഉൾപ്പെട്ട കേസുകളുടെ ഫയലുകളും പിടിച്ചെടുത്തു. അതിനാൽ പല കേസുകളിലും അന്വേഷണം പാതിവഴിയിലാണ്.
എഫ്.ഐ.ആറുകളുമായി ബന്ധപ്പെട്ട തമിഴ്നാട് പോലീസിന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും പറഞ്ഞു.
എന്നാൽ, ഈ വാദങ്ങൾ തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നിഷേധിച്ചു. കൈക്കൂലി വാങ്ങിയ പണം കള്ളപ്പണമാക്കി വെളുപ്പിക്കാൻ ശ്രമിച്ചാൽമാത്രമാണ് ഇ.ഡി. അന്വേഷണം ആവശ്യമെന്ന് സിബൽ അറിയിച്ചു.
എഫ്.ഐ.ആറുകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതല്ലേയെന്ന് കോടതി തമിഴ്നാട് സർക്കാരിനോട് ആരാഞ്ഞു.
അഴിമതി, അനധികൃത ഖനനം അല്ലെങ്കിൽ ആനുപാതികമല്ലാത്ത സ്വത്ത് എന്നിവയ്ക്ക് ഒരു പൊതുപ്രവർത്തകനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇ.ഡി.യുടെ തുടരന്വേഷണം അനുവദിക്കില്ലെന്ന് സംസ്ഥാനത്തിന് പറയാനാകില്ലെന്നും പറഞ്ഞു.
തമിഴ്നാട് വിജിലൻസാണ് അങ്കിത് തിവാരിയെ നവംബർ അവസാനം അറസ്റ്റുചെയ്തത്. പണം കൈമാറുമ്പോഴായിരുന്നു പിടികൂടിയത്.
കേസിൽ കൂടുതൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും വിജിലൻസ് സംശയിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഇ.ഡി.യുടെ മധുര മേഖലാ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. അങ്കിത് തിവാരി മൂന്നുമാസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.