ചെന്നൈ : കള്ളപ്പണക്കേസിൽ 230 ദിവസമായി ജയിലിൽ കഴിയുന്ന സെന്തിൽ ബാലാജി ഇപ്പോഴും വകുപ്പില്ലാ മന്ത്രിയായി തുടരുന്നതെങ്ങനെയാണെന്ന് മദ്രാസ് ഹൈക്കോടതി.
48 മണിക്കൂറിലേറെ കസ്റ്റഡിയിൽ കഴിഞ്ഞാൽ ലാസ്റ്റ് ഗ്രേഡ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ ലഭിക്കുമ്പോഴാണ് ഇതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.
മന്ത്രി ബാലാജിയുടെ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് ചൊവ്വാഴ്ച കോടതിയുടെ പരാമർശം.
സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ കർശനനിലപാടു സ്വീകരിക്കുമ്പോൾ ഇത്രയുംകാലം ജയിലിൽ കിടക്കുന്നയാൾ മന്ത്രിയായി തുടരുന്നത് എന്തുസന്ദേശമാണ് നൽകുകയെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് ചോദിച്ചു.
ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ആരോഗ്യകാര്യങ്ങൾ മുൻനിർത്തി നൽകിയ ജാമ്യാപേക്ഷ നേരത്തേ മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.
ജാമ്യാപേക്ഷയിൽ ഫെബ്രുവരി 14-നകം മറുപടി നൽകാൻ ഇ.ഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വാദം അന്ന് തുടരും.
ഹർജിക്കാരൻ ഇപ്പോഴും മന്ത്രിയായി തുടരുന്നുണ്ട് എന്ന കാര്യംകൂടി ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ച് നേരത്തേ ബാലാജിയുടെ ജാമ്യാപേക്ഷ തള്ളിയതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് ചൂണ്ടിക്കാട്ടി. ആ സ്ഥിതി ഇപ്പോഴും തുടരുകയാണ്.