ചെന്നൈ: പുതിയ ബസ് ടെർമിനസ് പ്രവർത്തനം ആരംഭിച്ചതോടെ കിലാമ്പാക്കത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മേൽപാത നിർമിക്കുന്നതിന്റെ സാധ്യത ആരാഞ്ഞ് ദേശീയപാത അതോറിറ്റി.
ജിഎസ്ടി റോഡ്– അയ്യഞ്ചേരി റോഡ് ജംക്ഷനിൽ മേൽപാത നിർമിക്കാനാണ് പദ്ധതി.
ഇവിടെ ജിഎസ്ടി റോഡ് 8 വരി പാതയായി വീതി കൂട്ടുകയും വണ്ടല്ലൂരിൽ മേൽപാത നിർമിക്കുകയും ചെയ്തെങ്കിലും ബസ് ടെർമിനസ് വന്നതോടെ കുരുക്ക് രൂക്ഷമാണ്.
2,000ത്തിലേറെ സ്വകാര്യ, സർക്കാർ ദീർഘദൂര ബസ് സർവീസുകളാണ് ഇതുവഴി നടത്തുന്നത്. പ്രതിദിനം 1,700 എംടിസി ബസ് സർവീസുകളുമുണ്ട്.
മറ്റു വാഹനങ്ങൾ കൂടി എത്തുന്നതോടെ ഇവിടെ വാഹനങ്ങളുടെ വലിയ നിരയാണ് രൂപപ്പെടുന്നത്.
പെരുങ്കളത്തൂർ മുതൽ ചെങ്കൽപെട്ട് വരെ നീളുന്ന മേൽപാതയുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.
കിലാമ്പാക്കത്ത് എത്രയും പെട്ടെന്ന് മേൽപാത നിർമാണം നടത്തണമെങ്കിലും വലിയ തിരക്ക് അനുഭവപ്പെടുന്ന പ്രദേശത്ത് നിർമാണം നടത്തുന്നതിന്റെ ബുദ്ധിമുട്ടുകൾ പരിഗണിക്കേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു.
അതിനാൽ, നിർമാണം ആരംഭിക്കുന്നതിനു മുൻപ് വിശദമായ പഠനം നടത്തേണ്ടി വരും.