ബെംഗളൂരു : ജെ.ഡി.എസ്. നേതാവും മുൻ എം.എൽ.സിയുമായ അയനൂർ മഞ്ജുനാഥ് ചേർന്നു.
ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട മഞ്ജുനാഥിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവമോഗ മണ്ഡലത്തിൽ മത്സരിപ്പിക്കുമെന്ന് സൂചന.
മഞ്ജുനാഥിനൊപ്പം ശിവമോഗയിലെ അദ്ദേഹത്തിന്റെ അനുയായികളും ഒരുമിച്ച് ചേർന്നിട്ടുണ്ട്.
കെ.പി.സി.സി. പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ശിക്കാരിപുരയിൽ സ്വതന്ത്രനായി മത്സരിച്ച നാഗരാജ് ഗൗഡയും കോൺഗ്രസിൽ തിരിച്ചെത്തി.
ബി.ജെ.പി. എം.എൽ.സിയായിരുന്ന അയനൂർ മഞ്ജുനാഥ് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജെ.ഡി.എസിലെത്തിയത്.
ഏപ്രിൽ 19-നാണ് ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വവും എം.എൽ.സി. സ്ഥാനവും രാജിവെച്ചത്.
തുടർന്ന് ശിവമോഗയിൽ ജെ.ഡി.എസിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
മഞ്ജുനാഥ് നേരത്തേ ശിവമോഗയിൽനിന്ന് ലോക്സഭയിലും പിന്നീട് രാജ്യസഭയിലുമെത്തിയിട്ടുണ്ട്.
20-ന് അദ്ദേഹം ശിവകുമാറുമായി ചർച്ച നടത്തി. വ്യവസ്ഥകളൊന്നുമില്ലാതെയാണ് അയനൂർ മഞ്ജുനാഥ് എത്തിയതെന്നും പാർട്ടിയിലെത്തിയ ആർക്കും സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു.
ബി.ജെ.പി.യിൽനിന്നും ജെ.ഡി.എസിൽനിന്നുമുള്ള നേതാക്കളെ പാർട്ടിയിലെത്തിക്കാൻ ‘ഓപ്പറേഷൻ ഹസ്ത’ നടത്തുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ആയനൂർ മഞ്ജുനാഥ് കോൺഗ്രസിൽ എത്തിയത്.