ബെംഗളൂരു: സഹപാഠികളായ വിദ്യാർത്ഥികളോട് സംസാരിച്ചതിന് വിദ്യാർത്ഥിക്ക് നേരെ സദാചാര ആക്രമണം.
ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത് മൂഡബിദ്രിയിൽ ബസ് സ്റ്റോപ്പിലാണ് അക്രമം നടന്നത്.
സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ നടന്ന സംഭവത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് പോലീസ് നടപടിയുണ്ടായത്.
മൂഡബിദ്രി സ്വദേശികളായ എ.പ്രേംകുമാർ(24),കെ.അഭിലാഷ്(25),സഞ്ജെഗ്ഡെ(28),പി.വിനീഷ്(27) എന്നിവരാണ് അറസ്റ്റിലായത്.
മൂഡബിദ്രി സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ കെ.ഫർഹാനാണ്(19) അക്രമത്തിന് ഇരയായത്.
സഹപാഠികളായ രണ്ട് കുട്ടികളെ കണ്ട ഫർഹാൻ ബംഗളൂരുവിലേക്കുള്ള ബസ് കാത്തു നിൽക്കുന്നതിനിടെ അവരുമായി സംസാരിക്കുകയായിരുന്നു.
ഇത് കണ്ട നാലംഗ സംഘം ഫർഹാനോട് തിരിച്ചറിയൽ കാർഡ് ചോദിക്കുകയും പിടിച്ചെടുക്കുകയുമായിരുന്നു.
മുസ്ലിം ആണെന്ന് മനസ്സിലായതോടെ ഹിന്ദു പെൺകുട്ടികളുമായി എന്താണ് കാര്യം എന്ന് ചോദിച്ച് മുഖത്തടിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പരാതിയിൽ പറഞ്ഞു.
സംഘം കൂടുതൽ അക്രമത്തിന് മുതിരുന്നതിനിടെ പോലീസ് പട്രോളിങ്ങ് വാഹനം കണ്ടതോടെ സ്ഥലംവിടുകയായിരുന്നു.