ബെംഗളൂരു: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ആത്മീയ നേതാവ് ദലൈലാമയും ഈ വർഷം കർണാടക സന്ദർശിക്കും.
ഒരു അന്താരാഷ്ട്ര യോഗ, ധ്യാന കേന്ദ്രത്തിന് തറക്കല്ലിടുമെന്ന് വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്തു. ഭൂട്ടായി ട്രസ്റ്റ് നിർമ്മിക്കുന്ന ഇന്റർനാഷണൽ യോഗ ആൻഡ് മെഡിറ്റേഷൻ സെന്ററിന് തറക്കല്ലിടാൻ ഈ വർഷം ഡിസംബറിൽ ഇരുവരും മണ്ഡ്യ ജില്ലയിലെ ഹല്ലേഗെരെയിൽ എത്തിയേക്കും.
ഹെലിപാഡുകളും റോഡുകളും മറ്റു സൗകര്യങ്ങളും ഒരുക്കണമെന്ന് മണ്ഡ്യ ജില്ലയുടെ ചുമതലയുള്ള മന്ത്രി ചെലുവരയ്യ സ്വാമിയും ട്രസ്റ്റ് അധ്യക്ഷൻ ഡോ. ലക്ഷ്മിനരസിംഹമൂർത്തിയുൾപ്പെടെയുള്ള പ്രതിനിധി സംഘവും വ്യാഴാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് അഭ്യർഥിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ അഭ്യർത്ഥനകളോട് പോസിറ്റീവായി പ്രതികരിച്ചുവെന്നും ഇതേ കുറിച്ച് ചർച്ച നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബരാക് ഒബാമയുടെ മെഡിക്കൽ ഉപദേശകനായിരുന്ന വിവേക് മൂർത്തിയുടെ പിതാവാണ് ലക്ഷ്മിനരസിംഹമൂർത്തി. ഡോ ലക്ഷ്മിനരസിംഹ മൂർത്തിക്ക് 13 ഏക്കർ പൈതൃക ഭൂമിയുണ്ട്, അതിനാൽ അദ്ദേഹത്തിന്റെ ട്രസ്റ്റ് മുഖേന ഒരു അന്താരാഷ്ട്ര യോഗ, ധ്യാന കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്, ഏകദേശം 80 കോടി രൂപ ചിലവ് വരും .
മണ്ഡ്യ എംഎൽഎ ദിനേശ് ഗൂലിഗൗഡ തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് ട്രസ്റ്റിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു .