ചെന്നൈ: മറക്കുമാ നെഞ്ചം എന്ന സംഗീതപരിപാടിയേക്കുറിച്ചും അതിന്റെ മോശം സംഘാടനത്തേക്കുറിച്ചും ഉയര്‍ന്ന പരാതികളിലും വിമര്‍ശനങ്ങളിലും മാപ്പുപറഞ്ഞ് സംഗീതസംവിധായകൻ എ.ആര്‍.റഹ്മാൻ.
സംഭവിച്ച വിഷയങ്ങളില്‍ താൻ വളരെയേറെ അസ്വസ്ഥനാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ആരുടെയും നേരെ വിരല്‍ ചൂണ്ടാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വയം ഉത്തരവാദിത്തം കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മറക്കുമാ നെഞ്ചം’ സംഗീതപരിപാടി വിവാദത്തില്‍ സംഘാടകര്‍ മാപ്പുപറഞ്ഞതിന് പിന്നാലെയാണ് വിഷയത്തില്‍ റഹ്മാനും പ്രതികരണവുമായെത്തിയത്.
തങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവുന്നതിനുമപ്പുറമുള്ള ജനങ്ങളുടേയും സ്നേഹത്തിന്റേയും സുനാമിക്കാണ് ഞായറാഴ്ച സാക്ഷിയായതെന്ന് എ.ആര്‍. റഹ്മാൻ പറഞ്ഞു.
ഒരു സംഗീതസംവിധായകൻ എന്ന നിലയില്‍, തന്റെ ജോലി ഗംഭീരമായ ഒരു ഷോ നല്‍കുക എന്നതുമാത്രമായിരുന്നു.
കഴിഞ്ഞതവണത്തേപ്പോലെ മഴ പെയ്യരുത് എന്ന് മാത്രം ചിന്തിച്ച്, പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഉള്ളില്‍ സന്തോഷത്തോടെ പ്രകടനം നടത്തുകയായിരുന്നു ഞാൻ.
നല്ല ഉദ്ദേശത്തോടെയാണ് എല്ലാം ചെയ്തത്. പക്ഷേ പ്രതികരണം എല്ലാവരുടേയും പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നുവെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍, ഞങ്ങള്‍ ഭയങ്കര അസ്വസ്ഥരാണ്.
പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ഉള്ളതിനാല്‍ സുരക്ഷയായിരുന്നു പ്രധാന പ്രശ്നം.
ആരുടെയും നേരെ വിരല്‍ ചൂണ്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ നഗരം വികസിക്കുകയാണെന്നും സംഗീതവും കലയും ആസ്വദിക്കാനുള്ള അഭിനിവേശവും വികസിക്കുകയാണെന്നും നാം മനസ്സിലാക്കണം.
ഞങ്ങള്‍ വിവരങ്ങളെല്ലാം ശേഖരിക്കുകയാണ്.
ഉടൻ തന്നെ ഒരു സര്‍പ്രൈസ് ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.