ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ നൈസ് റോഡിൽ കാർ ട്രക്കിൽ ഇടിച്ച് മീഡിയനിലുമിടിച്ച് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു .
അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ഉയർന്ന ആഘാതത്തെ തുടർന്ന് കാർ തീപിടിച്ച് ചാരമായി.
സിന്ധുവും രണ്ട് വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. പരിക്കേറ്റ മഹേന്ദ്രനും മറ്റൊരു കുട്ടിയും ചികിത്സയിലാണ്.
ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ മൈസൂരു റോഡിൽ നിന്ന് കനകപുര റോഡിലേക്ക് പോകുകയായിരുന്ന നാലംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്നാട്ടിലെ സേലം സ്വദേശികളായ കുടുംബം ബംഗളൂരുവിലെ രാമമൂർത്തിനഗറിൽ താമസക്കാരായിരുന്നു.
തിങ്കളാഴ്ച ടാറ്റ നെക്സോൺ കാർ ഓൺലൈനിൽ വാടകയ്ക്കെടുത്ത കുടുംബം നാഗസാന്ദ്ര സന്ദർശിച്ച് കനകപുര റോഡിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
കാർ ട്രക്കിലേക്കും മീഡിയനിലും ഇടിച്ചതിനെ തുടർന്ന് തീപിടിക്കുകയും അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കുകയും ചെയ്തു.
ആഘാതത്തിൽ കാർ ചാരമായി. തലഘട്ടപുര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.