ബെംഗളൂരു : വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ട് കരാർ നൽകിയ സംഭവത്തിൽ ബി.എം.ടി.സി. ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
വാണിജ്യവിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ശ്രീറാം മുൽക്കാവാനയെയാണ് ബി.എം.ടി.സി.യുടെ പരാതിയെത്തുടർന്ന് വിത്സൻഗാർഡൻ പോലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പിൽ പങ്കെടുത്തതായി കണ്ടെത്തിയ മറ്റ് ആറ് ഉദ്യോഗസ്ഥരുടെ ബി.എം.ടി.സി. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി രാമലിംഗെഡ്ഡി പറഞ്ഞു.
2022 മാർച്ച് മുതൽ സംഘം തട്ടിപ്പ് നടത്തിവന്നതായാണ് കണ്ടെത്തൽ.
ചെറുകിട നിർമ്മാണ പ്രവർത്തനങ്ങൾക്കും ബി.എം.ടി.സി. ഓഫീസുകളിലേക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനും വിവിധ കമ്പനികൾക്ക് മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യാജഒപ്പ് പതിപ്പിച്ച് കരാർ നൽകിയായിരുന്നു തട്ടിപ്പ്.
ഈയിനത്തിൽ 17 കോടിയോളം രൂപ ബി.എം.ടി.സിക്ക് നഷ്ടമുണ്ടായെന്നാണ് കണക്ക്.
മുതിർന്ന ഉദ്യോഗസ്ഥരുടെ ഒപ്പ് അവരുടെ മറ്റ് ഉത്തരവുകളിൽനിന്ന് പകർത്തി ഇത്തരം കരാറുകളിൽ സംഘം ചെയ്തിരുന്നത്.
ഇതിന് നേതൃത്വം നൽകിയത് ശ്രീറാം മുൽക്കാവാനയാണ്. കരാർ നൽകുമ്പോർ വലിയ തുക കമ്മിഷനായി ഇവർക്ക് ലഭിച്ചിരുന്നു.
ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബി.എം.ടി.സി. വിജിലൻസ് ഓഫീസർ സി.കെ. രമ്യയുടെ നേതൃത്വത്തിൽ നടന്ന ആഭ്യന്തര അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.