ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ബസ് ഇരുചക്രവാഹനത്തിൽ പിന്നിൽ നിന്ന് ഇടിച്ച് കോളേജ് വിദ്യാർത്ഥി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ശനിയാഴ്ച രാവിലെ ബെംഗളൂരുവിലെ യശ്വന്ത്പൂർ മേഖലയിലാണ് സംഭവം . യശ്വന്ത്പൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
21 കാരനായ ഗംഗാധറാണ് മരിച്ചത്. ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലേക്ക് (എച്ച്എഎൽ) പോകുകയായിരുന്നു.
അപകടസമയത്ത് ഗംഗാധർ ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും ബൈക്കിൽ നിന്ന് താഴെ വീണതിനെ തുടർന്ന് ഹെൽമറ്റ് അഴിഞ്ഞുപോയി.
യശ്വന്ത്പൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസ് ഡ്രൈവറെ കണ്ടെത്തിയതായും ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ 10 ദിവസത്തിനിടെ ബെംഗളൂരുവിൽ ബിഎംടിസി ബസുകൾ അപകടത്തിൽപ്പെടുന്ന മൂന്നാമത്തെ മരണമാണിത്.
ഒക്ടോബർ അഞ്ചിന് യലഹങ്കയിൽ അമിതവേഗതയിലെത്തിയ ബിഎംടിസി ബസ് ഇടിച്ച് 25 കാരനായ സിവിൽ എൻജിനീയർ ഭരത് റെഡ്ഡിയാണ് മരിച്ചത്.
ഒക്ടോബർ 9 ന് നഗരത്തിലെ ഹുളിമാവ് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ബിഎംടിസി ബസ് ഇടിച്ച് 3 വയസ്സുള്ള ആൺകുട്ടി മരിച്ചു.