ബെംഗളൂരു : നഗരത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് നാലുദിവസം കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാതെ വനംവകുപ്പ്.
ചൊവ്വാഴ്ചയും ബൊമ്മനഹള്ളി, സിങസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിൽ മയക്കുവെടിവെക്കാനുള്ള സംവിധാനങ്ങളുമായി വനംവകുപ്പ് പരിശോധനനടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
അതേസമയം, പുലിയെ പിടികൂടാനായി മൈസൂരുവിൽ നിന്നുള്ള വനംവകുപ്പിന്റെ ആറംഗ ദൗത്യസംഘവും നഗരത്തിലെത്തി.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ സംഘം.
ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ ബൊമ്മസാന്ദ്രയ്ക്ക് സമീപത്തെ കൃഷ്ണറെഡ്ഡി വ്യാവസായികമേഖലയിലെ ഒഴിഞ്ഞ കെട്ടിടത്തിൽ പോലീസ് പട്രോളിങ്സംഘം പുലിയെ കണ്ടിരുന്നു.
എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കെട്ടിടത്തിലും പരിസരങ്ങളിലും മണിക്കൂറുകളോളം പരിശോധനനടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
തെർമൽ ഇമേജിങ് ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞദിവസം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കുഡ്‌ലുഗേറ്റിലെ പാർപ്പിടസമുച്ചയം, എ.ഇ.സി.എസ്. ലേഔട്ട്, സോമസുന്ദരപാളയ, ഹൊസപാളയ, എച്ച്.എസ്.ആർ. ലേഔട്ട്, പറങ്കിപ്പാളയ, ബന്ദേപാളയ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വനംവകുപ്പ് ജീവനക്കാർ പരിശോധന നടത്തി.
എ.ഇ.സി.എസ്. ലേഔട്ടിലെ 14 ഏക്കറോളമുള്ള ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യഭൂമിയിൽ കൂടും സ്ഥാപിച്ചു.
നിലവിൽ വിവിധ ഭാഗങ്ങളിലായി 45 വനംവകുപ്പ് ജീവനക്കാരാണ് തിരച്ചിലിന് നേതൃത്വംനൽകുന്നതെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എം.കെ. രവീന്ദ്ര പറഞ്ഞു.