Read Time:1 Minute, 20 Second
ബെംഗളൂരു : തക്കാളിയുടെ വിലത്തകർച്ചയെത്തുടർന്ന് കടക്കെണിയിലായ കർഷകൻ ജീവനൊടുക്കി.
തുമകൂരു പാവഗഡ താലൂക്കിലെ യാരബഹള്ളി സ്വദേശി നാരായണപ്പ(65)യെയാണ് പ്രദേശത്തെ വൈദ്യുതി ടവറിന്റെ മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏതാനും മാസം മുമ്പ് തക്കാളിവില കുതിച്ചുയർന്നപ്പോൾ നാരായണപ്പ സ്വകാര്യ പണമിടപാടുകാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടംവാങ്ങി ഒരേക്കർ സ്ഥലത്ത് തക്കാളികൃഷിയിറക്കിയിരുന്നു.
വിളവെടുപ്പായപ്പോഴേക്കും തക്കാളി വില കൂപ്പുകുത്തി. കടമെടുത്ത പണത്തിന്റെ പലിശപോലും തിരിച്ചടയ്ക്കാനായില്ല.
ഇതിന്റെ നിരാശയിലാണ് നാരായണപ്പ ജീവനൊടുക്കിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
ഇദ്ദേഹത്തിന് ഭാര്യയും നാലുമക്കളുമുണ്ട്.
കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർണാടക രാജ്യറെയ്ത്ത സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.